സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക്, നിയമനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്‌ തോമസ് ഐസക്ക്

thomas-issac

തിരുവനന്തപുരം:പ്രളയ ദുരന്തമനുഭവിക്കുന്ന സംസ്ഥാനത്ത് വലിയ ചെലവു ചുരുക്കല്‍ നയങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കടുത്ത സാമ്പത്തിക അച്ചടക്കമാണ് സംസ്ഥാനത്ത് ഉണ്ടാവുക. ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പല പദ്ധതികളും മാറ്റിവയ്ക്കും. അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റും.ഏതൊക്കെ പദ്ധതികളാണ് മാറ്റേണ്ടതെന്ന് അതാത് വകുപ്പുകള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും നിയന്ത്രണം വരും. പ്രാധാന്യമനുസരിച്ച് മാത്രമായിരിക്കും നിയമനമെന്നും ധനമന്ത്രി പറഞ്ഞു. പുനര്‍ നിര്‍മ്മാണത്തിന്‍ 20,000 കോടി രൂപ വേണം. നഷ്ടപരിഹാരത്തിനും റോഡ് നിര്‍മ്മാണത്തിനും മാത്രമായി 5000 കോടി രൂപയാണ് വേണ്ടത്‌.

വാഹനങ്ങളുടെ കാര്യത്തിലും നിയന്ത്രണം വരും. പുതിയ കാറുകള്‍ വാങ്ങുന്നത് നിയന്ത്രിയ്ക്കുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. പ്രളയക്കെടുതിമൂലം കേരളത്തില്‍ 20,000 പുതിയ കാറുകളാണ് തകര്‍ന്നത്‌. കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള ഗോഡൗണുകളിലായി പുതിയതും ചെറുതുമായ 20,000 കാറുകളാണ് മുങ്ങി നശിച്ചു. ഏകദേശം 1100 കോടി രൂപയുടെ നഷ്ടമാണ് വിവിധ ഡീലര്‍മാര്‍ക്ക് ഉണ്ടായിരിക്കുന്നത്.

പ്രളയ ദുരിതാശ്വാസ സഹായനിധിക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായങ്ങള്‍ക്ക് മാത്രമേ 80 സി അനുസരിച്ചുള്ള ആദായനികുതിഇളവ്‌ ലഭിക്കൂ. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ഇപ്പോള്‍ 1021 കോടി കവിഞ്ഞു.

Top