ന്യൂഡല്‍ഹി: മമത ബാനര്‍ജി യുപിഎ വിട്ടതിനെക്കുറിച്ച് പ്രണബ് മുഖര്‍ജി. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ ഭരണകാലത്ത് താന്‍ മന്ത്രിസഭയിലുണ്ടായിരുന്നെങ്കില്‍ മമത ബാനര്‍ജി സഖ്യം വിട്ടുപോകില്ലായിരുന്നുവെന്നാണ് ഓര്‍മക്കുറിപ്പുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പ്രണബ്മുഖര്‍ജിയുടെ ആത്മകഥയായ ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സിലാണ് മമത ബാനര്‍ജി യു.പി.എ. സഖ്യം വിട്ടതിനെ കുറിച്ചുളള പരാമര്‍ശമുളളത്.
രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് 2012-ലാണ് മമത സഖ്യം വിട്ടത്. നേരിട്ടുളള വിദേശ നിക്ഷേപം സംബന്ധിച്ച തീരുമാനം പൂര്‍ണമായും പിന്‍വലിക്കണം, സബ്‌സിഡി അനുവദിക്കുന്ന എല്‍.പി.ജി. സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണം, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങളായിരുന്നു മമത മുന്നോട്ടുവെച്ചിരുന്നത്.
പ്രതിസന്ധി ഘട്ടത്തിലെ നേതൃത്വം സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകള്‍ വിശദമാക്കുന്ന ഭാഗത്താണ് മമത സഖ്യം വിട്ടതിനെ കുറിച്ചുളള പ്രണബിന്റെ പരാമര്‍ശമുളളത്. ‘പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വം വ്യത്യസ്തമായ ഒരു സമീപനമാണ് ആവിഷ്‌കരിക്കേണ്ടിയിരുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ധനമന്ത്രിയായി സര്‍ക്കാരില്‍ ഞാന്‍ തുടരുകയായിരുന്നെങ്കില്‍ സഖ്യത്തില്‍ മമതയുടെ തുടര്‍ച്ച ഞാന്‍ ഉറപ്പാക്കുമായിരുന്നു’ പ്രണബ് മുഖര്‍ജി എഴുതുന്നു.
ഒന്നാം യു.പി.എ. സഖ്യത്തിന്റെയും രണ്ടാം യു.പി.എ. സഖ്യത്തിന്റെയും ഭരണകാലത്തെ വ്യത്യാസങ്ങളെയും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 2004-ല്‍ ഇടതുപാര്‍ട്ടികളുടേയോ സമാജ് വാദി പാര്‍ട്ടിയുടെയോ പിന്തുണയില്ലാതെ യു.പി.എ. നിലവില്‍ വരില്ലായിരുന്നു. ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ അതിജീവിച്ചത്.
രണ്ടാം യു.പി.എ. സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ ഇടത്, രാഷ്ട്രീയ ജനതാദള്‍ ജെ.ഡി.യു. തുടങ്ങി മുന്‍ പങ്കാളികളായിരുന്നവരില്‍ പലരും സഖ്യത്തിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ 19 ലോക്‌സഭാ അംഗങ്ങളുള്ള മമതയുമായി സഖ്യമുണ്ടാക്കി. ആ സഖ്യം അധികകാലം തുടര്‍ന്നുമില്ല. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2011 നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും സെപ്റ്റംബര്‍ 2012-ല്‍ മമത ബാനര്‍ജി പിന്തുണ പിന്‍വലിക്കുകയായിരുന്നു. യു.പി.എയ്ക്ക് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ കുറിച്ചും ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.