തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ സ്‌റ്റൈപ്പന്‍ഡ് വര്‍ധന ഇപ്പോള്‍ സാധ്യമല്ലെന്ന് ധനവകുപ്പ്. സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഇത് അസാധ്യമാണെന്ന് ധനവകുപ്പിന്റെ നിലപാട്.
മെച്ചപ്പെട്ട ധനസ്ഥിതി വരുമ്പോള്‍ പരിശോധിക്കാമെന്ന് കുറിച്ച് രണ്ട് തവണ ഇതുമായി ബന്ധപ്പെട്ട ഫയല്‍ ധനവകുപ്പ് ആരോഗ്യ വകുപ്പിന് തിരിച്ചയച്ചു. ഡിസംബര്‍ 10 ന് വീണ്ടും ഫയല്‍ ആരോഗ്യ വകുപ്പ് ധനവകുപ്പിലേക്ക് അയച്ചെങ്കിലും മറപടി നല്‍കിയിട്ടില്ല.
സ്‌റ്റൈപ്പന്‍ഡില്‍ നാല് ശതമാനം വര്‍ധന വേണമെന്നാണ് പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളിലും കേരളത്തിലുള്ളയത്ര സ്‌റ്റൈപ്പന്‍ഡ് ഇല്ലെന്നത് ധനവകുപ്പ് പരിഗണിക്കുന്നു. കേരളത്തില്‍ ഒന്നാം വര്‍ഷ പിജി ഡോക്ടര്‍മാര്‍ക്ക് 55,120 രൂപ ലഭിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ 48000 രൂപയോ ഉള്ളൂ.
പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ സമവായ സാധ്യതകള്‍ മങ്ങുകയാണ്. പി ജി ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ആവശ്യപ്പെട്ടു. സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് കെഎംപിജിഎ നിലപാട് വ്യക്തമാക്കി.
നാലു ശതമാനം സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധനവ് പുനര്‍സ്ഥാപിക്കുക, നീറ്റ് പിജി പ്രവേശന നടപടികളില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുക, കൂടുതല്‍ നോണ്‍ അക്കാദമിക ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ അത്യാഹിതവിഭാഗം അടക്കം ബഹിഷ്‌കരിച്ചു കൊണ്ടുള്ള സമരം തുടരാനാണ് പി ജി ഡോക്ടര്‍മാരുടെ തീരുമാനം.