തിരുവനന്തപുരം: വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധന സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.
പരിക്കേറ്റവരുടെ കുടുംബത്തിന് ചികിത്സയ്ക്ക് സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടനാട് വികസനത്തിന് കൗൺസിൽ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കുട്ടനാട് വികസന ഏകോപന കൗൺസിലിൽ മുഖ്യമന്ത്രി ചെയർമാനാകും. കൃഷി മന്ത്രിയായിരിക്കും കൗൺസിലിൽ വൈസ് ചെയർമാൻ. നിലവിലുള്ള പ്രവർത്തനങ്ങളുടെ അവലോകനവും ഏകോപനവുമായിരിക്കും മുഖ്യ ചുമതല. പദ്ധതികൾ ആവർത്തിക്കാതിരിക്കാനുള്ള ചുമതലയും കൗൺസിലിനായിരിക്കും.