സാന്‍ഫ്രാന്‍സിസ്‌കോ: കൊവിഡിനെതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ടെക് ഭീമന്‍ കമ്പനിയായ ഐബിഎം തങ്ങളുടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. വാര്‍ത്താക്കുറിപ്പില്‍ കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പുറത്താക്കപ്പെടുന്ന അമേരിക്കന്‍ ജീവനക്കാര്‍ക്ക് 2021 ജൂണ്‍ മാസം വരെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ബിസിനസിന്റെ ദീര്‍ഘകാല സുരക്ഷ ഉറപ്പാക്കിയുള്ളതാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.
എന്നാല്‍, എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്ന് ഐബിഎം വ്യക്തമാക്കിയിട്ടില്ല. ആയിരക്കണക്കിന് പേരെ പിരിച്ചുവിടാനാണ് തീരുമാനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ്ഹാറ്റ് എന്ന കമ്പനിയെ 34 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് 2018 ലാണ് ഐബിഎം ഏറ്റെടുത്തത്. എന്നാല്‍ കമ്പനിയുടെ നിലനില്‍പ്പിന്റെ ഭാഗമായി തൊഴിലില്‍ നൈപുണ്യം ഇല്ലാത്തവരെയും മെച്ചപ്പെട്ട പരിശീലനത്തിലൂടെ നൈപുണ്യ വികസനം സാധ്യമാകില്ലെന്ന് വ്യക്തമായ ആളുകളെയുമാണ് പിരിച്ചുവിടുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയത്.