സാമ്പത്തിക തട്ടിപ്പ്; മാനേജറെ പുറത്താക്കി തെന്നിന്ത്യന്‍ ചലച്ചിത്രതാരം രശ്മിക മന്ദാന

ബംഗളൂരു: ലക്ഷങ്ങള്‍ തട്ടിയെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി കൂടെയുണ്ടായിരുന്ന മാനേജറെ പുറത്താക്കി തെന്നിന്ത്യന്‍ ചലച്ചിത്രതാരം രശ്മിക മന്ദാന. സംഭവത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ നടി ഇതുവരെ തയാറായിട്ടില്ല.

കരിയറിന്റെ തുടക്കംതൊട്ടേ രശ്മികയ്ക്കൊപ്പമുണ്ടായിരുന്നയാളാണ് തട്ടിപ്പ് നടത്തിയ മാനേജറെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. 80 ലക്ഷം രൂപയോളമാണ് ഇയാള്‍ നടിയില്‍നിന്ന് തട്ടിയത്. സംഭവം വിവാദമാക്കാനും ചര്‍ച്ചയാക്കാനും നടി താല്‍പര്യപ്പെടാത്തതിനാല്‍ മാനേജറെ രഹസ്യമായി പിരിച്ചുവിട്ടിരിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തട്ടിപ്പിനെക്കുറിച്ചുള്ള വിശദവിവരങ്ങളും പുറത്തുവന്നിട്ടില്ല.

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യിലൂടെ രാജ്യമെങ്ങും തരംഗമായ താരമാണ് രശ്മിക മന്ദാന. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്നാണ് വിവരം. രണ്‍ബീര്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവര്‍ക്കൊപ്പം രശ്മിക പ്രധാന വേഷത്തിലെത്തുന്ന ‘ആനിമല്‍’ ആണ് പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം. ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിട്ടുണ്ട്.

Top