നടന്‍ അക്ഷയ് കുമാറിനും സൈനയ്ക്കും മാവോയ്സ്റ്റ് വധ ഭീഷണി

നാഗ്പുര്‍ ; ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കിയ ബോളിവുഡ് താരം അക്ഷയ് കുമാര്‍, ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍ എന്നിവര്‍ക്കെതിരെ ഭീഷണിയുമായി മാവോയിസ്റ്റുകള്‍.

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ദക്ഷിണ ബസ്തറില്‍ വിതരണം ചെയ്ത ലഘുലേഖയിലാണ് ഇവരുവര്‍ക്കുമെതിരായ ഭീഷണിയുള്ളത്.

സുഖ്മയില്‍ കൊല്ലപ്പെട്ട 12 ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ അക്ഷയ് കുമാര്‍ ഒന്‍പതു ലക്ഷം രൂപയും സൈന നെഹ്‌വാള്‍ ഇവര്‍ക്ക് 50,000 രൂപ വീതവും നല്‍കിയിരുന്നു.

ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുത്തിരുന്നു. ഇവരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ സുഖ്മയില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കു സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു.

അടിച്ചമര്‍ത്തപ്പെടുന്ന ഗോത്രവര്‍ഗക്കാര്‍ക്കൊപ്പമാണ് ഇവരെപ്പോലുള്ള ആളുകള്‍ നിലകൊള്ളേണ്ടതെന്നു മാവോയിസ്റ്റുകള്‍ ലഘുലേഖയില്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ആളുകള്‍ക്കായി ശബ്ദമുയര്‍ത്തുകയാണു പ്രശസ്തരായ വ്യക്തികള്‍ ചെയ്യേണ്ടതെന്നും ലഘുലേഖയില്‍ ഓര്‍മ്മപ്പെടുത്തുന്നു.

Top