സ്വിഫ്റ്റ് സര്‍വ്വീസുകളിലെ സാമ്പത്തിക ക്രമക്കേട്; 35 ജീവനക്കാര്‍ക്ക് പിഴ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സ്വിഫ്റ്റ് സര്‍വ്വീസുകളില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ 35 ജീവനക്കാര്‍ക്ക് പിഴ. ബെംഗളൂരുവിലേക്ക് പോകുന്ന ബസിലെ യാത്രക്കാരനില്‍നിന്നും ടിക്കറ്റ് നല്‍കാതെ ഗൂഗിള്‍പേയില്‍ കണ്ടക്ടര്‍ ടിക്കറ്റ് തുക വാങ്ങിയ സംഭവത്തെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയത്. കരാര്‍ ജീവനക്കാരാണ് പിടിയിലായിരിക്കുന്നത്. അവരെ പിരിച്ചുവിടാന്‍ വകുപ്പ് ഉണ്ടെങ്കിലും ആദ്യ ഘട്ടമായതിനാല്‍ പിഴയും താക്കീതും നല്‍കി പിരിച്ചുവിടല്‍ നടപടി ഒഴിവാക്കി.

5000 രൂപ മുതല്‍ 7000 രൂപവരെയാണ് ഇവര്‍ ടിക്കറ്റിനായി വാങ്ങിയിരുന്നത്. ബസില്‍ ബാഗ് മറന്ന് വെച്ച ഒരു യാത്രക്കാരന്‍ സ്റ്റേഷന്‍മാസ്റ്ററുടെ ഓഫീസില്‍ എത്തി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍മാസ്റ്റര്‍ ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോളാണ് ഗൂഗിള്‍ പേയില്‍ തുക നല്‍കിയ കാര്യം പുറത്തായത്. റിസര്‍വേഷന്‍ റദ്ദാക്കപ്പെടുന്ന സീറ്റുകളിലാണ് മറ്റു യാത്രക്കാരെ കയറ്റി ചില കണ്ടക്ടര്‍മാര്‍ പണം കൈക്കലാക്കുന്നത്. റിസര്‍വേഷനിലൂടെ മാത്രം ടിക്കറ്റ് ലഭിക്കുന്ന ദീര്‍ഘദൂര ബസുകളില്‍ പരിശോധനയും പൊതുവെ കുറവാണ്. ഇന്‍സ്‌പെക്ടര്‍മാരുടെ എണ്ണത്തിലുളള കുറവും പരിശോധന കുറയാന്‍ ഒരു കാരണമാണ്. 650 ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 350 പേര്‍ മാത്രമാണുളളത്.

Top