ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ഉലയുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ധനകാര്യ സ്ഥാപനങ്ങളുടെ ആശ്വാസനടപടി. വായ്പ, ഇന്‍ഷുറന്‍സ് പോളിസി ഉള്‍പ്പെടെ വിവിധ ധനകാര്യ ഇടപാടുകള്‍ക്ക് ധനകാര്യസ്ഥാപനങ്ങള്‍ ഇളവുകള്‍ അനുവദിച്ചു.
മാസംതോറും അടയ്ക്കുന്ന വായ്പ തിരിച്ചടവായ ഇഎംഐയ്ക്ക് പ്രമുഖ പൊതുമേഖല സ്ഥാപനമായ എസ്ബിഐ ഇളവ് അനുവദിച്ചു. ഒരു ഒരു മാസത്തെ സാവകാശമാണ് എസ്ബിഐ അനുവദിച്ചിരിക്കുന്നത്. പ്രളയബാധിതര്‍ക്ക് ഇഎംഐ അടയ്ക്കുന്നവരില്‍ നിന്നും പിഴ ഈടാക്കില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കുന്നതിനും പാസ്ബുക്ക്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് അനുവദിക്കുന്നതിനും പ്രത്യേക തുക ഈടാക്കേണ്ടതില്ലെന്ന് എസ്ബിഐ തീരുമാനിച്ചു. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നഷ്ടപ്പെട്ടവര്‍ക്ക്, ഒരു ഫോട്ടോയും ഒപ്പും മാത്രം ഉപയോഗിച്ച് ചെറിയ അക്കൗണ്ട് തുറക്കുന്നതിനുളള സൗകര്യവും ബാങ്ക് ശാഖകളില്‍ ലഭ്യമാക്കിയതായി എസ്ബിഐ അറിയിച്ചു.
പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഇഎംഐയായി വായ്പ തിരിച്ചടവ് നടത്തുന്നവര്‍ക്ക് പിഴയില്ലാതെ വൈകിയ വേളയിലും പണം തിരിച്ചടയ്ക്കാനുളള സൗകര്യമാണ് ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക, ചെക്ക് മടങ്ങല്‍ തുടങ്ങിയ കാര്യങ്ങളിലും ഇളവുകള്‍ ബാധകമാണെന്ന് ബാങ്ക് അറിയിച്ചു.
എച്ച്ഡിഎഫ്‌സി ബാങ്കും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് പ്രീമിയം തുക അടയ്ക്കുന്നത് വൈകുന്നവരില്‍ നിന്നും ഈടാക്കിയിരുന്ന പ്രത്യേക ചാര്‍ജ് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഒഴിവാക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് ക്ലെയിമുകളും മറ്റും കൈകാര്യം ചെയ്യാന്‍ പ്രത്യേക സെല്ലിനും എല്‍ഐസി രൂപം നല്‍കിയിട്ടുണ്ട്.