മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ വായ്പാ നയം റിസര്‍വ് ഇന്ന് പ്രഖ്യാപിക്കുന്നു. അടിസ്ഥാന നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്നുതന്നെയാണ് വാണിജ്യ,വ്യവസായ ലോകത്തിന്റെ പ്രതീക്ഷ.
പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞതാണ് ആശ്വാസമായിരിക്കുന്നത്. 4.44 ശതമാനമാണ് ഫെബ്രുവരിയിലെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കായി നല്‍കുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ 5.75 ശതമാനവുമാണ്. കഴിഞ്ഞ തവണ യോഗത്തിലും റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.
കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങ് തറവില നിശ്ചയിക്കാനുള്ള തീരുമാനവും ഇന്ധനവിലവര്‍ധനയും പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള ജനപ്രിയ പദ്ധതികളും പണപ്പെരുപ്പത്തിന് വഴിവെക്കുമെന്ന ആശങ്കയുണ്ടെന്ന് അസോച്ചം സെക്രട്ടറി ജനറല്‍ ഡി.എസ്. റാവത്ത് പറയുന്നു. പലിശ കുറയ്ക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലാത്തതുകൊണ്ട് നിരക്കുകളില്‍ തല്‍സ്ഥിതി നിലനിര്‍ത്താനാണ് സാധ്യതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.