കൊച്ചി: സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ നടന്നിരിക്കുന്നത് വൻ നികുതി വെട്ടിപ്പ്. ജിഎസ്‍ടി വകുപ്പാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് ജിഎസ്‍ടി വകുപ്പ് അറിയിച്ചത്. 703 കോടി രൂപയുടെ വരുമാനത്തിന് റിയൽ എസ്റ്റേറ്റ് ഇടപാടുകാര്‍ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തൽ.
സംസ്ഥാനത്തെ 15 റിയൽ എസ്റ്റേറ്റ് ഇടപാടുകാരാണ് കോടിക്കണക്കിന് രൂപ നികുതി ഇനത്തിൽ വെട്ടിച്ചത്. നികുതി വെട്ടിപ്പ് നടത്തിയവരിൽ നിരവധി ഫ്ലാറ്റ് നിർമാതാക്കളും ഉണ്ട്. ഇവരിൽ നിന്ന് 26 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. നിർമാണം പൂർത്തിയാക്കുന്ന നിരവധി ഫ്ലാറ്റുകൾക്ക് ജിഎസ്‍ടി അടക്കുന്നില്ലെന്നും സെൻട്രൽ ജിഎസ്‍ടി വിഭാഗത്തിൻ്റെ കൊച്ചി ഓഫീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.