സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റിന്റെ പരസ്യത്തിന് വിലക്ക്, പത്ത് ലക്ഷം രൂപ പിഴ

ഡല്‍ഹി: തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യം നല്‍കിയതിന് സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റിന് പിഴയിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. പത്തു ലക്ഷം രൂപയാണ് പിഴ. പരസ്യം നല്‍കുന്നത് ഏഴ് ദിവസത്തിനുളളില്‍ നിര്‍ത്തിവെക്കാനും അതോറിറ്റി ഉത്തരവിട്ടു. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് കമ്പനിക്കെതിരെ ഉത്തരവിട്ടത്. ‘ലോകമെമ്പാടുമുള്ള ദന്തഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തത്’, ‘ലോകത്തിലെ ഒന്നാം നമ്പര്‍ സെന്‍സിറ്റിവിറ്റി ടൂത്ത്പേസ്റ്റ്’ എന്നീ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന സെന്‍സോഡൈന്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിക്കാനാണ് ഉത്തരവില്‍ പറയുന്നത്.

പരസ്യത്തില്‍ ടൂത്ത് പേസ്റ്റിന് വിദേശ ദന്ത ഡോക്ടര്‍മാരുടെ അംഗീകാരം ഉണ്ടെന്ന് കാണിക്കുന്ന പരസ്യങ്ങള്‍ നിര്‍ത്താനും ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മേധാവി നിധി ഖാരെ പറഞ്ഞു. വിദേശ ദന്ത ഡോക്ടര്‍മാരുടെ അംഗീകാരം കാണിക്കുന്ന പരസ്യങ്ങള്‍ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് 2022 ഫെബുവരി 9ന് അതോറിറ്റി ഉത്തരവിറക്കിയിരുന്നു. ടിവി, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ സെന്‍സോഡൈന്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സ്വമേധയാ നടപടി ആരംഭിച്ചിരുന്നു.

ബ്രിട്ടനില്‍ വരെ ദന്തഡോക്ടര്‍മാര്‍ പല്ലിന്റെ സംവേദനക്ഷമതയ്ക്കെതിരായ സംരക്ഷണത്തിനായി സെന്‍സോഡൈന്‍ റാപ്പിഡ് റിലീഫ്, സെന്‍സോഡൈന്‍ ഫ്രെഷ് ജെല്‍ എന്നിവയുടെ ഉപയോഗം അംഗീകരിക്കുന്നതായി പരസ്യത്തില്‍ കാണിക്കുന്നുണ്ട്. ‘ലോകമെമ്പാടുമുള്ള ദന്തഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തത്’, ‘ലോകത്തിലെ ഒന്നാം നമ്പര്‍ സെന്‍സിറ്റിവിറ്റി ടൂത്ത്പേസ്റ്റ്’ എന്ന പരാമര്‍ശത്തോടു കൂടിയായിരുന്നു ഇത് പ്രദര്‍ശിപ്പിച്ചിരുന്നത്. 60 സെക്കന്‍ഡുകള്‍ക്കുളളില്‍ രോഗികള്‍ക്ക് ആശ്വാസം ലഭിക്കുമെന്നും പരസ്യത്തില്‍ പറയുന്നു.

ഇന്ത്യയ്ക്ക് പുറത്ത് പരിശീലനം നടത്തുന്ന ഡോക്ടര്‍മാര്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സിസിപിഎ കണ്ടെത്തിയത്. ഇത് ഇന്ത്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 സെക്ഷന്‍ 2 (28) ന്റെ ലംഘനമാണ്. അതേസമയം, ഇന്ത്യന്‍ ദന്ത ഡോക്ടര്‍മാരെ ഉപയോഗിച്ചാണ് പരസ്യം ചിത്രീകരിച്ചതെന്ന് കമ്പനി നല്‍കിയ രണ്ടു മാര്‍ക്കറ്റ് സര്‍വ്വേയില്‍ പറയുന്നതായി സിസിപിഎ പറഞ്ഞു.

പരസ്യങ്ങളിലെ അവകാശവാദങ്ങളെ സാധൂകരിക്കുന്നതിനോ സെന്‍സോഡൈന്‍ ഉല്‍പ്പന്നങ്ങളുടെ ഏതെങ്കിലും പ്രാധാന്യത്തെ സൂചിപ്പിക്കുന്നതിനോ കമ്പനി ഒരു സമഗ്രമായ പഠന റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അത്‌കൊണ്ടു തന്നെ പരസ്യം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്തുനിന്ന് ന്യായീകരണമില്ലെന്നും മന്ത്രാലയം നിരീക്ഷിച്ചു. ഉത്പന്നങ്ങളുടെ വിശ്വാസ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കത്ത് എഴുതിയിരുന്നു.

Top