ഹെല്‍സിങ്കി: ഫിന്‍ലന്‍ഡിലെ തുര്‍ക്കു നഗരത്തില്‍ രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയത് പതിനെട്ടുകാരന്‍.
അബ്ദ്‌റഹ്മാന്‍ മെക്കയെന്ന അക്രമിയാണ് ആക്രമണം നടത്തിയതെന്ന് ഫിന്നിഷ് പോലീസ് അറിയിച്ചു. മുമ്പ് മൊറോക്കോ പൗരനാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പോലീസ് അറിയിച്ചിരുന്നത്. മെക്കയുടെ പൗരത്വം സംബന്ധിച്ച് പോലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഫിന്‍ലന്‍ഡിലെ തുര്‍ക്കു നഗരത്തിലുണ്ടായ കത്തി ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ അബ്ദ്‌റഹ്മാന്‍ മെക്കയെ പോലീസ് കാലിനു വെടിവച്ചു വീഴ്ത്തുകയാണുണ്ടായത്. ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. മെക്കയ്ക്കു പുറമേ മറ്റു നാലു മൊറോക്കന്‍ പൗരന്‍മാരെകൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തുര്‍ക്കുവില്‍ കത്തി ആക്രമണം നടന്ന അതേദിവസം ജര്‍മനിയിലെ വുപ്പെര്‍ട്ടല്‍ പട്ടണത്തില്‍ നടന്ന മറ്റൊരു കത്തി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.