തുർക്കിയുടെ പിന്തുണ; നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകാൻ ഫിൻലൻഡ്

ഹെൽസിങ്കി ∙ ഫിന്‍ലന്‍ഡ് നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകുന്നു. സഖ്യത്തില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റെ അപേക്ഷ തുര്‍ക്കി പാര്‍ലമെന്റും അംഗീകരിച്ചു. ഇതോടെ 30 അംഗരാഷ്ട്രങ്ങളുടെയും പിന്തുണയായി. എന്നാല്‍ സ്വീഡന്റെ അപേക്ഷയെ തുര്‍ക്കി ഇതുവരെയും പിന്തുണച്ചിട്ടില്ല.

നാറ്റോ സൈനിക സഖ്യത്തിലെ 31ാം രാജ്യമാവുകയാണ് ഫിന്‍ലന്‍ഡ്. ജൂലൈയില്‍ ലിത്വാനിയയില്‍ നടക്കുന്ന നാറ്റോ യോഗത്തില്‍ ഔദ്യോഗികമായി അംഗത്വം നല്‍കും. റഷ്യ– യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ മേയിലാണ് ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തില്‍ ചേരാന്‍ അപേക്ഷ നല്‍കിയത്. മുഴുവന്‍ അംഗരാജ്യങ്ങളുടെയും അനുമതിയുണ്ടെങ്കിലേ അംഗത്വം ലഭിക്കുകയുള്ളൂ. മറ്റ് 29 രാജ്യങ്ങളും പിന്തുണച്ചപ്പോള്‍ തുര്‍ക്കി മാത്രം ഇടഞ്ഞുനിന്നു.

തുര്‍ക്കിയില്‍ നടക്കുന്ന ഭീകരവാദത്തെ ഫിന്‍ലന്‍ഡും സ്വീഡനും പിന്തുണയ്ക്കുന്നു എന്നായിരുന്നു പ്രസിഡന്റ് തയീപ് എർദോഗന്റെ ആരോപണം. എന്നാല്‍ ഭിന്നത പരിഹരിച്ചതോടെ ഫിന്‍ലന്‍ഡിനെ പിന്തുണയ്ക്കാന്‍ എര്‍ദോഗന്‍ തയാറായി. റഷ്യയുമായി 1,340 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡിന് നാറ്റോ അംഗത്വം ആശ്വാസകരമാണ്. ഫിന്‍ലന്‍ഡിന്റെ വരവിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും നാറ്റോ കൂടുതല്‍ ശക്തമാവുമെന്നും സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.

Top