ബിഹാറിൽ 2 വയസുകാരനെതിരെ കൊവിഡ് പരത്തിയെന്ന് എഫ്ഐആര്‍; ജാമ്യം തേടിയലഞ്ഞ് അമ്മ

പാട്ന: 4 വയസ് പ്രായമുള്ള മകനുമായി ജാമ്യം തേടി ബിഹാറിലെ കോടതിയിലൂടെ അലഞ്ഞ് അമ്മ. 2021ല്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനുള്ള കേസിലെ പ്രതിയായ മകനുമൊന്നിച്ചാണ് അമ്മ ജാമ്യത്തിന് വേണ്ടി കോടതിയിലെത്തിയത്. ബിഹാറിലെ ബേഗുസാരായ് കോടതിയിലാണ് സംഭവം. ബേഗുസാരായ് പൊലീസ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 2 വയസുള്ള ബാലനടക്കം 8 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്.

എന്നാല്‍ കേസിനേക്കുറിച്ച് കുട്ടിയുടെ വീട്ടുകാര്‍ക്ക് ധാരണയില്ലായിരുന്നു. കൊവിഡ് പടരാന്‍ കാരണമായെന്ന് കാണിച്ചെടുത്ത കേസില്‍ കുട്ടിയുടെ പിതാവിനെതിരെയും കേസുണ്ട്. വ്യാഴാഴ്ചയാണ് ജാമ്യം എടുക്കുന്നതിന് സഹായിക്കണമെന്ന ആവശ്യവുമായി ഈ അമ്മ കോടതിയിലെ അഭിഭാഷകരുടെ സഹായം തേടിയെത്തിയത്. ആരെ സമീപിക്കണമെന്നോ ആരാണ് ജാമ്യം അനുവദിക്കുന്നതെന്നോ ധാരണയില്ലാതെ എല്ലാവരോടും പരാതി പറയുന്ന അമ്മയുടെ കയ്യില്‍ ഇരിക്കുന്ന നാല് വയസുകാരന് തന്റെ മേലുള്ള കേസിനേക്കുറിച്ച് ധാരണയില്ലെന്നത് ഉറപ്പാണ്.

ഏഴ് വയസില്‍ താഴെയുള്ളവര്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തുന്നതിലെ നിയമ സാധുതയേക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായിരുന്നു ബിഹാര്‍ കോടതിയിലെ രംഗങ്ങള്‍. വ്യാഴാഴ്ചയാണ് കുഞ്ഞിനെതിരെ എഫ്ഐആര്‍ ഇട്ട വിവരം അമ്മ അറിയുന്നത്. 2021 ഏപ്രില്‍ 10നാണ് കുഞ്ഞ് അടക്കം എട്ട് പേര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്. കൊവിഡ് വ്യാപിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

മുഫസില്‍ പൊലീസ് സ്റ്റേഷനാണ് കേസ് എടുത്തിരിക്കുന്നത്. എഫ്ഐആര്‍ റാദ്ദാക്കാന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് കോടതിയിലെ അഭിഭാഷകനായ സിംഗ് വിശദമാക്കുന്നത്. ശിക്ഷാ നിയമം 82 അനുസരിച്ച് കുട്ടിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. എഫ്ഐആര്‍ എടുത്ത സമയത്ത് കുഞ്ഞിന്റെ പ്രായം രണ്ട് വയസ് മാത്രമാണെന്നും അപേക്ഷയില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Top