ന്യൂഡല്‍ഹി: സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയതിന് നടി കങ്കണ റണാവത്തിനെതിരെ എഫ്‌ഐആര്‍. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി, ശിരോമണി അകാലിദള്‍, അമര്‍ജിത് സിംഗ് എന്നിവരാണ് കങ്കണക്കെതിരെ പരാതി നല്‍കിയത്.
സിഖ് മതത്തെയും അവരുടെ വിശ്വാസത്തെയും അവഹേളിക്കുന്നതാണ് കങ്കണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എന്ന് എഫ്‌ഐആറില്‍ പറയുന്നു. രാജ്യത്തെ കര്‍ഷകരുടെ പ്രതിഷേധത്തെ ഒരു ഖാലിസ്ഥാനി പ്രസ്ഥാനമായി ബോധപൂര്‍വവും ചിത്രീകരിക്കുകയും സിഖ് സമുദായത്തെ ഖാലിസ്ഥാനി ഭീകരര്‍ എന്ന് വിളിക്കുകയും ചെയ്തതായി ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ആരോപിച്ചു.
‘ഖാലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടാകും. പക്ഷേ ഒരു സ്ത്രീയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. അവര്‍ ഖാലിസ്ഥാനികളെ കൊതുകിനെ പോലെ ചവിട്ടിയരച്ചു. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെ പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത്’. എന്നായിരുന്നു നടിയുടെ വിവാദ പോസ്റ്റ്.