ന്യൂഡല്‍ഹി: ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനും അനുയായികള്‍ക്കുമെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ടീം തിരഞ്ഞെടുപ്പിനിടെ സഹതാരത്തിന്റെ ആള്‍ക്കാരുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്.
മന:പൂര്‍വം പരിക്കേല്‍ല്പ്പിക്കുക അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം തടവോ 1000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ടീം തിരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
മത്സരത്തില്‍ സുശീല്‍ കുമാറാണ് ജയിച്ചത്. എന്നാല്‍, സെമിഫൈനലില്‍ പരാജയപ്പെട്ട റാണ എന്ന താരം തന്നേയും സഹോദരനേയും സുശീലിന്റെ അനുയായികള്‍, റിംഗിലേക്ക് വരാന്‍ വെല്ലുവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു.
ഇതോടെ ക്ഷുഭിതരായ സുശീലിന്റെ അനുയായികള്‍ റാണയുടെ ആള്‍ക്കാരുമായി ഏറ്റുമുട്ടുകയായിരുന്നു.