പിഎം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ച് പ്രസ്താവന; സോണിയാ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍

കര്‍ണാടക: കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള സാഗര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് സോണിയെക്കെതിരെ 153, 505 സെഷന്‍സ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. കെ.വി പ്രവീണ്‍ എന്ന അഭിഭാഷകനാണ് സോണിയക്കെതിരെ പരാതി നല്‍കിയത്.

കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സര്‍ക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും നുണപ്രചരണം നടത്തി ജനങ്ങളെ സര്‍ക്കാരിനെതിരാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരനായ അഭിഭാഷകന്‍ പ്രവീണ്‍ കെ.വി ആരോപിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ നിയന്ത്രിക്കുന്നത് സോണിയ ഗാന്ധിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

2020 മെയ് 11നാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ തട്ടിപ്പ് എന്ന് അഭിസംബോധനയോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതെന്നുംപ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുജനങ്ങള്‍ക്കായല്ല ഉപയോഗിക്കുന്നതെന്നാണ് അവര്‍ ആരോപിച്ചിരുന്നതെന്നും പരാതിക്കാരനായ പ്രവീണ്‍ പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാത്രമല്ല പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിച്ചാണ് വിദേശയാത്രകള്‍ നടത്തുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. കോവിഡ് 19 മഹാമാരിയുടെ കാലത്ത് രാജ്യത്തിനെതിരെ നടത്തുന്നത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണ്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷമാണ് പൊലീസ് സോണിയ ഗാന്ധിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പ്രവീണ്‍ പറഞ്ഞു.

Top