ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗുണ്ടാസംഘങ്ങളില്‍ നിന്ന് ഭീഷണിയെന്ന് കാണിച്ച് പരാതിയുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല. ഇത് സംമ്പന്ധിച്ച് രണ്‍ദീപ് സിംഗ് പഞ്ച്ഗുള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഓണ്‍ലൈനായാണ് സുര്‍ജേവാല പരാതി നല്‍കിയത്. അദ്ദേഹത്തിന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
ഞാന്‍ പഞ്ച്ഗുളയിലെ വീട്ടില്‍ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു. ആ സമയമാണ് വീട്ടിലെ ലാന്‍ഡ്ലൈനിലേക്ക് കോള്‍ വരുന്നത്. ഉത്തര്‍പ്രദേശിലെ ഗുണ്ടാ നേതാക്കളായ മുഖ്താര്‍ അന്‍സാരി, രാജാ ഭയ്യ, പപ്പു യാദവ് എന്നിവരുടെ സംഘത്തിലുള്ള ആളാണെന്ന് പരിചയപ്പെടുത്തിയായിരുന്നു സംസാരിച്ചത്. തന്നെയും തന്റെ സഹോദരന്‍ സുദീപിനെയും കൊല്ലുമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് മൂന്ന് കോള്‍ വന്നു. തന്റെ വീടും പരിസരവും അവര്‍ക്ക് കൃത്യമായി അറിയാമെന്നും പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.