ആ​സാ​മി​ലെ എ​ണ്ണ​ക്കി​ണ​റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; ആളപായമില്ല, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഗോഹട്ടി: ആസാമിലെ ടിന്‍സുകിയ ജില്ലയിലെ വാതകചോര്‍ച്ചയുണ്ടായ എണ്ണക്കിണറില്‍ വന്‍തീപിടിത്തം. ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കിണറിലാണ് തീപിടിത്തം ഉണ്ടായത്. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ 14 ദിവസമായി എണ്ണക്കിണറില്‍നിന്നും വാതകചോര്‍ച്ചയുണ്ടായിരുന്നു. അതിനെ തുടര്‍ന്ന് ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ വിദഗ്ധരും എഞ്ചിനീയര്‍മാരും വാതക, എണ്ണ ചോര്‍ച്ച നിയന്ത്രിക്കാന്‍ ശ്രമിച്ചുവരുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഇതുവരെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു.

1,610 കുടുംബങ്ങളെ എണ്ണ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് നേരത്തെ തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അതേസമയം പ്രദേശത്തെ നിരവധി മത്സ്യങ്ങളും ഡോള്‍ഫിനുകളും പക്ഷികളും ചത്തിരുന്നു.

Top