കൊച്ചി: എറണാകുളം നഗരത്തിലെ ബ്രഹ്മപുരത്തെ മാനില്യപ്ലാന്റിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ പുകയിൽ മുങ്ങി കൊച്ചി നഗരം. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. മൂടൽ മഞ്ഞിനോട് സമാനമായ രീതിയിലാണ് പുക മൂടിയിരിക്കുന്നത്. ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിൽ പുക നിറഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക്ക് കത്തിയതിന്റെ രൂക്ഷ ഗന്ധവും ദുരിതം വിതയ്ക്കുന്നുണ്ട്. സംഭവത്തിൽ ആളപായമേ നാശ നഷ്ടമോ ഉണ്ടായിട്ടില്ല.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിൽ തീപിടുത്തമുണ്ടായത്. കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന് പിൻവശത്തായി ചതുപ്പ് പാടത്താണ് തീപ്പിടിത്തമുണ്ടായത്. തീപിടുത്തം ശ്രദ്ധയിൽപെട്ട സമയം മുതൽ ആറ് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണയ്ക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും. പൂർണ്ണമായും തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. പത്തിലധികം ഫയർഫോഴ്സുകൾ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ആവശ്യമെങ്കിൽ തീയണയ്ക്കാൻ ഫയർഫോഴ്സിനെ സഹായിക്കുമെന്ന് നേവിയും അറിയിച്ചിട്ടുണ്ട്.