റോം : മിലാനിലെ വയോജന കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ ആറുപേർ മരണമടഞ്ഞു. പൊള്ളലേൽക്കുകയും പുക ശ്വസിച്ചു കുഴഞ്ഞുവീഴുകയും ചെയ്ത 81 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
167 പേർ താമസിക്കുന്ന വയോജന കേന്ദ്രത്തിൽ വെള്ളി പുലർച്ചെ ഒന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. അഞ്ചു സ്ത്രീകളും ഒരു പുരുഷനുമാണ് മരണമടഞ്ഞത് എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
നഗരത്തിലെ കോർവെത്തോ പ്രദേശത്തെ മൂന്നു നിലകളുള്ള കേന്ദ്രത്തിൽ അഗ്നിബാധ ഉണ്ടായതിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.
പുലർച്ചെതന്നെ സംഭവസ്ഥലത്തെത്തിയ മിലാൻ മേയർ ബെപ്പെ സാല രക്ഷപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അപകടത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അനുശോചിച്ചു.