തേനിക്ക് പിന്നാലെ ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകളില്‍ കാട്ടുതീ

forest fire

അതിരപ്പിള്ളി: തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തിനു പിന്നാലെ തൃശൂരിലും കാടിനു തീപിടിച്ചു. ചാലക്കുടി, വാഴച്ചാല്‍ വനംഡിവിഷനുകളിലാണ് കാട്ടുതീ പടര്‍ന്നത്. 35 ഹെക്ടര്‍ വനഭൂമിയാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നത്. അതിരപ്പിള്ളി റേഞ്ചില്‍ 30ഉം ചാലക്കുടി ഡിവിഷനില്‍ അഞ്ചും ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്. തീയണക്കാന്‍ വനംവകുപ്പ് നാട്ടുകാരുടെ സഹായം തേടിയിട്ടുണ്ട്.

തീ നിയന്ത്രണ വിധേയമാക്കാനായി അറുപതംഗ സംഘം കാട്ടിലെത്തിയിട്ടുണ്ട്. വാഴച്ചാലില്‍ പുഴയ്ക്കക്കരെ വടപ്പാറ മേഖലയില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി വന്‍തീപിടിത്തമുണ്ടായിരുന്നു. 70 ഓളം വാച്ചര്‍മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീ കെടുത്തിയത്. പൂര്‍ണമായും അണക്കാനായില്ലെന്നാണ് അറിയുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചാലക്കുടി ഡിവിഷനില്‍ വനത്തിന് തീപിടിച്ചത്.

ഇതിനിടെ, തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീദുരന്തത്തില്‍ വെന്തുമരിച്ച ട്രെക്കിങ് സംഘാംഗങ്ങളുടെ എണ്ണം പതിനൊന്നായി. 28 പേര്‍ പരുക്കുകളോടെ വിവിധ ആശുപത്രികളിലുണ്ട്.

Top