ചിലന്തിയെ കൊല്ലാൻ തീയിട്ടു, തീ പടർന്ന് 60 ഏക്കൽ കാട് കത്തി നശിച്ചു

ന്യൂയോര്‍ക്ക് : ചിലന്തിയെ കൊല്ലാൻ തീയിട്ടത് പടർന്ന് 60 ഏക്കൽ കാട് കത്തി നശിച്ചു. അമേരിക്കയിലാണ് സംഭവം. ചിലന്തിയെ ജീവനോടെ കൊല്ലാൻ ശ്രമിച്ചതാണ് 26 കാരനായ കോറി അലൻ മാർട്ടിൻ. ലൈറ്റർ ഉപയോ​ഗിച്ചായിരുന്നു ചിലന്തിയെ കൊല്ലാൻ ശ്രമിച്ചത്. എന്നാൽ തീ പടർന്ന് അത് വലിയൊരു കാട്ടുതീയായി, അറുപത് ഏക്കറോളം വ്യാപിച്ചു. കാട്ടുതീ പടർന്ന ഇടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ മേപ്പിൾടൺ സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് പങ്കുവച്ചിട്ടുണ്ട്. കോറി അലൻ മാർട്ടിൻ ഇപ്പോഴ് അറസ്റ്റിലാണ്.

ചിലന്തിയെ കണ്ടപ്പോൾ ലൈറ്ററുപയോ​ഗിച്ച് അതിനെ കൊല്ലാൻ വേണ്ടി ശ്രമിച്ചതാണെന്നാണ് പിടിയിലായ യുവാവ് പറഞ്ഞതെന്ന് ഉതാഹ് കൗണ്ടി ഷെരിഫ് സ്പെൻസർ കാനൻ ട്വീറ്റ് ചെയ്തു. താൻ കണ്ടതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ ഒന്നാണ് ഈ കാട്ടുതീയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ചിലന്തിയെ കൊല്ലാൻ ശ്രമിച്ചതാണ് തീപടരാനുണ്ടായ കാരണം എന്നത് തീർത്തും ആദ്യത്തേതാകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാർട്ടിനെ അറസ്റ്റ് ചെയ്തപ്പോൾ ഇയാളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് കൈയ്യിൽ വച്ചു, കാട്ടു തീ പടർത്തി, തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കാട്ടുതീ അപകടമാംവിധം ഉയർന്നിട്ടില്ലെങ്കിലും കാറ്റ് കൂടുതലായതിനാൽ സ്പ്രിങ് വില്ലയെ 90 ശതമാനത്തോളം തീ ബാധിച്ചുവെന്ന് അ​ഗ്നിശമന വിഭാ​ഗം അധികൃതർ പറഞ്ഞു. ലൈറ്ററിന്റെ തീ പോലും കാട്ടുതീയായി മാറിയേക്കാമെന്ന് ജനങ്ങൾക്ക് കൗണ്ടി ഷെരിഫ് സ്പെൻസർ കാനൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Top