തിരുവനന്തപുരം: പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വെടിക്കെട്ടിന് നിയന്ത്രണം കര്‍ശനമാക്കി. പുറ്റിങ്ങല്‍ അപകടത്തെ തുടര്‍ന്ന്
നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് നിയന്ത്രണം കര്‍ശനമാക്കി ഉത്തരവിറക്കിയത്.
ഗുണ്ടും അമിട്ടും ഉള്‍പ്പെടെയുള്ള സ്‌ഫോടകശേഷി കൂടുതലുള്ളവ ഉപയോഗിക്കരുതെന്ന് എക്‌സ്‌പ്ലോസീവ് വിഭാഗം തൃശൂര്‍ പൂരം സംഘാടകര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സര്‍ക്കുലര്‍ അയച്ചു.
വെടിക്കെട്ടിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാന്‍ പാടില്ല, വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് മുമ്പ് ജില്ലാ കളക്ടര്‍ സ്ഥല പരിശോധന നടത്തണം, സ്ഥല പരിശോധനയില്‍ വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന സ്ഥലം സുരക്ഷിതവും അനുയോജ്യമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ അനുമതി നല്‍കാന്‍ പാടുള്ളു തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.
മാത്രമല്ല രാവിലെ 6 നും രാത്രി 10 നും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ മിക്കവയും വെടിക്കെട്ട് നിയന്ത്രണത്തിന്റെ ഭാഗമായുള്ള നിയമങ്ങളായി സംസ്ഥാനത്ത് പ്രാബല്യത്തിലുള്ളതാണ്. എന്നാല്‍ ഇത് പാലിക്കാത്തിനെ തുടര്‍ന്നാണ് അപകടങ്ങള്‍ ഉണ്ടാകുന്നതെന്നാണ് എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍ വെടിക്കെട്ടിന്റെ നിയന്ത്രണത്തിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.