Firefighting in J&K, Rajnath Singh reaches out to Sonia Gandhi, Omar Abdullah

ന്യൂഡല്‍ഹി: 30 പേര്‍ കൊല്ലപ്പെട്ട കശ്മീര്‍ സംഘര്‍ഷത്തിന്റെ തീയണക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും സംസ്ഥാന സര്‍ക്കാര്‍ വിമത വിഭാഗങ്ങളുടെയും സഹായം തേടി. ബുര്‍ഹാന്‍ വാനിയെ വെടിവെച്ചുകൊല്ലുകയും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ അമര്‍ച്ചചെയ്യുന്നതിന് കടുത്ത ബലപ്രയോഗം നടത്തുകയും ചെയ്തതുവഴി സൈന്യത്തിനും ഭരണകൂടത്തിനും പിഴച്ചുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണിത്.

ഡല്‍ഹിയില്‍ ബന്ധപ്പെട്ടവരുടെ പ്രത്യേക യോഗം വിളിച്ചതിനു പിന്നാലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല എന്നിവരെ ഫോണില്‍ വിളിച്ച് സമാധാനമുണ്ടാക്കാന്‍ സഹകരണം തേടുകയായിരുന്നു. തികച്ചും അസാധാരണമായ സഹായാഭ്യര്‍ഥനയാണ് ആഭ്യന്തരമന്ത്രിയില്‍നിന്ന് ഉണ്ടായത്. മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി, ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കളുമായും ബന്ധപ്പെട്ടു.

പുകയുന്ന കശ്മീരില്‍ സേനക്കും ഭരണകൂടത്തിനും തലവേദന ഉയര്‍ത്തിയ ബുര്‍ഹാന്‍ വാനിയെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കുന്നതിനു പകരം, സൈനികനീക്കത്തിലൂടെ ബോധപൂര്‍വം വകവരുത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. മഹ്ബൂബ മുഫ്തിയുടെ ഉപതെരഞ്ഞെടുപ്പുഫലം പുറത്തുവരാന്‍ വേണ്ടി മാത്രം കാത്തുനില്‍ക്കുകയും തൊട്ടുപിന്നാലെ സൈനികനീക്കം ഉണ്ടാവുകയും ചെയ്‌തെന്നാണ് ആരോപണം.

ഇതിന് ബോധപൂര്‍വം പദ്ധതി നീക്കിയെന്ന് സംസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുര്‍ഹാന്‍ വാനി ജീവിച്ചിരിക്കുന്നതിനെക്കാള്‍ വലിയ അപകടമാണ് കൊലപാതകം നടന്നതിലൂടെ കശ്മീരിന് ഉണ്ടായിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സൈന്യത്തിന്റെ അതിക്രമങ്ങളോടുള്ള രോഷം വീണ്ടും അണപൊട്ടുന്നതിനാണ് ബുര്‍ഹാന്റെ കൊല വഴിവെച്ചത്. വിലക്കുകള്‍ തട്ടിമാറ്റി ആയിരങ്ങളാണ് ഖബറടക്ക ചടങ്ങിലും പ്രതിഷേധങ്ങളിലും പങ്കെടുത്തത്.

1990ലും 2010ലും ഉണ്ടായതിനു സമാനമായ കടുത്ത സംഘര്‍ഷത്തിലേക്കാണ് കശ്മീര്‍ താഴ്‌വര എടുത്തെറിയപ്പെട്ടിരിക്കുന്നത്. 15 പേര്‍ക്ക് ഒരാളെന്ന തോതില്‍ സൈന്യത്തിന്റെ സാന്നിധ്യവും, സേനക്ക് പ്രത്യേകാധികാരവും നിലവിലുള്ള ജമ്മുകശ്മീരിലേക്ക് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ച മോദിസര്‍ക്കാര്‍, തീയണക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുകയല്ലാതെ മാര്‍ഗമില്ലെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സഹായം അഭ്യര്‍ഥിച്ചത്.

വെള്ളിയാഴ്ച്ചയാണ് ഹിസ്ബുല്‍ ഭീകരന്‍ വാനി സുരക്ഷാ സൈനികരും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടത്. അതിനുശേഷമാണ് കശ്മീരില്‍ സംഘര്‍ഷം രൂക്ഷമായത്. വാനിക്കൊപ്പം രണ്ടു ഭീകരര്‍ കൂടി കൊല്ലപ്പെട്ടിരുന്നു.

കശ്മീരി യുവാക്കളെ ഭീകര പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ വാനിയുടെ വീഡിയോ ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കശ്മീരിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്റെ മകനാണ് വാനി. പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്ന വാനിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

Top