ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മയ്ക്കു നേരെ വെടിവയ്പ്.
ബൈക്കില്‍ എത്തിയ രണ്ടു പേര് രാഹുല്‍ ശര്‍മയുടെ കാറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ചൊവ്വാഴ്ച ഗ്രേറ്റര്‍ നോയിഡയിലെ ഗൗര്‍ നഗരത്തില്‍വച്ചാണ് സംഭവം നടന്നത്.
താനും ബന്ധുവും കാറില്‍ സഞ്ചരിക്കുമ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവെക്കുകയായിരുന്നെന്ന് ശര്‍മ പറഞ്ഞു. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ആക്രമികളെ തിരിച്ചറിയാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശര്‍മയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡല്‍ഹിയിലെ പൊതുമരാമത്തുമായി ബന്ധപ്പെട്ട് കേജരിവാളിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചയാളാണ് രാഹുല്‍ ശര്‍മ. രണ്ടു കോടിയുടെ അഴിമതി നടത്തിയെന്നാണ് ശര്‍മ ആരോപിക്കുന്നത്.