ഇസ്രായേല്‍ ആക്രമണം; രണ്ടു പലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസാ അതിര്‍ത്തിയില്‍ പലസ്തീനികളുടെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനു നേരെയുണ്ടായ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. റഫയില്‍ സൗദി അക്രം മുഅമ്മര്‍ (26), ഗസാ അതിര്‍ത്തിയില്‍ കരീം അബു ഫതായിര്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇതോടെ കഴിഞ്ഞ മാര്‍ച്ച് 30ന് ആരംഭിച്ച ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 166 ആയി. 1948ല്‍ ഇസ്രായേല്‍ രൂപീകരണത്തോടെ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഏഴര ലക്ഷത്തോളം അഭയാര്‍ഥികളെ മടങ്ങിവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 30നാണ് പലസ്തീനികള്‍ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ ആരംഭിച്ചത്. ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

ഗാസയില്‍ ശക്തമായ വ്യോമാക്രമണവും വെടിവെപ്പുമാണ് ഇസ്രായേല്‍ സൈന്യം നടത്തുന്നത്. കഴിഞ്ഞ ദിവസം രണ്ട് ഹമാസ് അംഗത്തെ വധിച്ചതിന് തിരിച്ചടിയായി ഗാസയില്‍ നിന്ന് 150 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് തൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗാസയില്‍ തുടര്‍ച്ചയായി ആക്രമണം ഉണ്ടായത്. ഇസ്രായേല്‍ ഗാസയ്‌ക്കെതിരെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നീക്കങ്ങള്‍ ശക്തമാക്കുമെന്ന് കഴിഞ്ഞദിവസം ഹമാസ് വക്താവ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം കൂടുതല്‍ വഷളാവുകയാണെന്നും, സംഘര്‍ഷത്തില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top