മിഗ് 21 വിമാനം തകര്‍ന്ന് ഇന്ത്യന്‍ പൈലറ്റിനെ കാണാനില്ല; സ്ഥിരീകരിച്ച് ഇന്ത്യ

ഇസ്ലാമാബാദ്: പാക്ക് ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടയില്‍ വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും യുദ്ധവിമാനം മിഗ് 21 നഷ്ടമായെന്നും സ്ഥിരീകരിച്ച് ഇന്ത്യ. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പാക്കിസ്ഥാന്‍ ഭീകര കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയത്. ഇന്ന് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ പ്രതിരോധിച്ചെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാക്ക് ആക്രമണ ശ്രമത്തെ പ്രതിരോധിക്കുന്നതിനിടയിലായിരുന്നു വിമാനം നഷ്ടമായതും വൈമാനികനെ കാണാതായതും. കുടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ടെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളോടും പ്രതികരിച്ചില്ല. വ്യോമസേനയുടെ പ്രതിനിധി എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അതേസമയം ‘അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ പൈലറ്റ് സംസാരിക്കുന്നു’ എന്ന പേരില്‍ ഒരു മൊബൈല്‍ വീഡിയോ പാകിസ്ഥാന്‍ പുറത്തു വിട്ടിട്ടുണ്ട്. റേഡിയോ പാക്കിസ്ഥാന്‍ എന്ന ഔദ്യോഗിക മാധ്യമം വഴിയാണ് പാക്കിസ്ഥാന്‍ സൈനികന്റെ വീഡിയോ പുറത്തു വിട്ടത്. വ്യോമസേനാംഗമാണെന്ന് അവകാശപ്പെടുന്ന ഒരാളാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ നിലയിലുള്ള ഒരാളാണ് വീഡിയോയില്‍ സംസാരിക്കുന്നത്.

ദേശീയ മാധ്യമങ്ങള്‍ കാണാതായ പൈലറ്റിന്റെ പേര് വിവരങ്ങളും പുറത്തുവിടുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരണത്തിന് തയാറായിട്ടില്ല. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടെ മിഗ്21 വിഭാഗത്തില്‍ പെട്ട ഒരു വിമാനവും പൈലറ്റും കാണാതായി എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കാണാതായ പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന പാക്ക് വാദം കേന്ദ്രം തള്ളുകയാണ്.

Top