ഇന്ത്യയില്‍ വിദേശ സര്‍വകലാശാല ക്യാമ്പസിന് യു.ജി.സി ചട്ടങ്ങള്‍ പ്രകാരം ആദ്യ അപേക്ഷ

ഡല്‍ഹി: ഇന്ത്യയില്‍ വിദേശ സര്‍വകലാശാല ക്യാമ്പസിന് യു.ജി.സി ചട്ടങ്ങള്‍ പ്രകാരം ആദ്യ അപേക്ഷ ലഭിച്ചു. മലേഷ്യയിലെ ലിങ്കണ്‍ സര്‍വകലാശാലയാണ് ഹൈദരാബാദില്‍ തങ്ങളുടെ ക്യാമ്പസ് തുറക്കാന്‍ അനുമതി തേടിയത്. ഇതുപ്രകാരം അനുമതി സംബന്ധിച്ച ശുപാര്‍ശ നല്‍കുന്നതിനായി അഞ്ചംഗ കമ്മറ്റിയെ യുജിസി നിയോഗിച്ചു.

സ്വകാര്യ സര്‍വ്വകലാശാലക്ക് അനുമതി നല്‍കാനുള്ള നയം മാറ്റത്തിന് സിപിഎം നേരത്തെ രാഷ്ട്രീയ തീരുമാനമെടുത്തതാണ്. എന്നാല്‍ വിദേശ സര്‍വ്വകലാശാലക്ക് അനുമതി നല്‍കുന്ന 2023 ലെ യുജിസി റഗുലേഷന്‍ വന്നപ്പോള്‍ മുതല്‍ സിപിഎം ഉയര്‍ത്തിയത് വലിയ എതിര്‍പ്പായിരുന്നു. ഇത് സംബന്ധിച്ച് പാര്‍ട്ടി ഒരു നയം രൂപീകരിക്കുന്നതിന് മുമ്പാണ് ബജറ്റ് പ്രഖ്യാപനം വന്നത്. യുജിസി റഗുലേഷന്‍ വന്നതോടെ വിദേശ സര്‍വ്വകലാശാല ക്യാമ്പസ് തുടങ്ങാന്‍ സംസ്ഥാനങ്ങളുടെ അനുമതി വേണ്ട. പക്ഷേ ഇടത് മുന്നണി സര്‍ക്കാര്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും വെള്ളത്തിനും വൈദ്യുതിക്കും വരെ ഇളവ് പ്രഖ്യാപിച്ചാണ് ക്ഷണിക്കുന്നതെന്നാണ് സവിശേഷത.അതേസമയം കേരളത്തില്‍ വിദേശ സര്‍വകലാശകള്‍ക്ക് അനുമതി നല്‍കുന്നത് പരിഗണിക്കുമെന്ന ബജറ്റ് പരാമര്‍ശത്തിന് പിന്നാലെ വിവാദങ്ങള്‍ തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു പ്രഖ്യാപനം ബജറ്റ് പ്രസംഗത്തില്‍ നടത്തിയതില്‍ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന് അതൃപ്തിയുണ്ട്. വകുപ്പ് അറിയാതെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശമാണ് ബജറ്റില്‍ പരിഗണിച്ചത്. എന്നാല്‍ വിദേശ സര്‍വ്വകലാശാലയുടെ കാര്യത്തില്‍ അന്തിമതീരുമാനമായില്ലെന്ന് ആര്‍ ബിന്ദു പ്രതികരിച്ചു.

യുജിസിയുടെ പുതിയ നയപ്രകാരം ലഭിച്ച ആദ്യ അപേക്ഷയാണ് മലേഷ്യയിലെ ലിങ്കണ്‍ സര്‍വകലാശാലയില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ക്യാമ്പസ് തുറക്കാന്‍ വിദേശ സര്‍വകലാശാലകളില്‍ നിന്ന് യുജിസി താല്‍പര്യപ്പത്രം ക്ഷണിച്ചത്. ഇതിനായി പ്രത്യേക വെബ്‌പോര്‍ട്ടലും ആരംഭിച്ചിരുന്നു. ഇപ്പോള്‍ ലഭിച്ച അപേക്ഷയുടെ കാര്യത്തില്‍ അഞ്ചംഗ കമ്മിറ്റി ഉടനെ തീരുമാനം അറിയിക്കുമെന്നാണ് സൂചന.

Top