ലണ്ടൻ: ആദ്യമായി കൊറോണ വാക്‌സിൻ സ്വീകരിച്ച പുരുഷൻ എന്ന റെക്കോഡ് നേടിയ വില്യം ബിൽ ഷേക്‌സ്പിയർ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. 81 വയസ്സ് ആയിരുന്നു.
നാടകകൃത്തായ ഷേക്‌സ്പിയറുടെ നാട്ടിൽ നിന്ന് 20 മൈൽ അകലെ വാർവിക്ഷയറിൽ താമസക്കാരനായ ഇദ്ദേഹം ഫൈസർ വാക്‌സിനാണ് സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ച അതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യവും. മസ്തിഷ്‌കാഘാതമാണ് മരണ കാരണം.
കഴിഞ്ഞ വർഷം ഡിസംബർ എട്ടിനായിരുന്ന കോവെൻട്രി യൂണിവേഴ്‌സിറ്റി ആശുപത്രിയിൽവെച്ച് ഇദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. ഫൈസർ വാക്‌സിനാണ് വില്യം സ്വീകരിച്ചത്. കുത്തിവെപ്പ് ആഗോളതലത്തിൽ ശ്രദ്ധനേടിയിരുന്നു. 91 കാരിയായ മാർഗരറ്റ് കീനൻ ആയിരുന്നു ആദ്യ വാക്‌സിൻ സ്വീകരിച്ചത്. ഇവർക്ക് തൊട്ട് പിന്നാലെയാണ് ഷേക്‌സ്പിയറും വാക്‌സിനെടുത്തത്.
റോൾസ് റോയ്‌സ് കമ്പനി ജീവനക്കാരനും പാരിഷ് കൗൺസിലറും ആയിരുന്നു വില്യം. ഫോട്ടോഗ്രാഫറായി പ്രശസ്തി നേടിയ ഇദ്ദേഹം സംഗീതപ്രിയനായിരുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.