തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിനിയുടെ രക്ത സാമ്പിള്‍ പരിശോധന ഫലം തുടര്‍ച്ചയായ രണ്ടാം തവണയും നെഗറ്റീവ്.
നാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. വിദ്യാര്‍ത്ഥിനിയുടെ ഡിസ്ചാര്‍ജ് തീയതിയും നാളെ തീരുമാനിക്കും. രാജ്യത്ത് ആദ്യമായി കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയാണിത്.
നേരത്തെ കേരളത്തില്‍ മൂന്നു പേര്‍ക്കു കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രണ്ടു പേര്‍ നേരത്തെ ആശുപത്രി വിട്ടിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥികളാണു വീട്ടിലേക്ക് മടങ്ങിയത്. തൃശ്ശൂരിലെ പെണ്‍കുട്ടിയുടെ ഫലം നെഗറ്റീവ് ആകുന്നതോടെ മൂന്നാമത്തെ ആള്‍ക്കും ആശുപത്രിവിടാം
അതേസമയം കേരളത്തില്‍ ഇന്നലെ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാളെയാണ് ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇയാളെ കൊറോണ ബാധയെ നേരിടുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരാണ് ഇതു വ്യക്തമാക്കിയത്. അതേസമയം രോഗിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
കേരളത്തില്‍ നിലവില്‍ 2246 പേര്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2233 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്.