യുക്രെയിനില്‍ നിന്നുള്ള ആദ്യ വിമാനം മുംബൈയിലെത്തി, 27 മലയാളികളും

മുംബൈ: യുക്രെയിനില്‍ നിന്ന് റൊമേനിയ അതിര്‍ത്തി കടന്ന മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്. ഈ സംഘത്തില്‍ 27 പേര്‍ മലയാളികളാണ്. മുംബൈ മേയര്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു. എല്ലാവരെയും തിരികെ എത്തിക്കും വരെ ദൗത്യം നിര്‍ത്തില്ലെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. യുക്രെയിന്‍ രക്ഷാദൗത്യത്തിന് ‘ഓപ്പറേഷന്‍ ഗംഗ’ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണവും വെള്ളവും ഇന്ത്യന്‍ എംബസി അധികൃതര്‍ നല്‍കി. റൊമാനിയന്‍ അംബാസഡര്‍ രാഹുല്‍ ശ്രീവാസ്തവയാണ് ആദ്യ സംഘത്തെ യാത്രയാക്കിയത്.

രണ്ടാമത്തെ വിമാനം റൊമേനിയയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ദില്ലിയിലേക്കാണ് ഇവരെ കൊണ്ടുവരുന്നത്. പതിനേഴ് മലയാളികളാണ് ഈ സംഘത്തിലുള്ളത്. ഇവര്‍ക്കുള്ള താമസം കേരളഹൗസില്‍ ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.

Top