കീവ്: യുക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഇന്ന് നാട്ടിലെത്തും. ആദ്യസംഘത്തില്‍ 17 മലയാളി വിദ്യാര്‍ത്ഥികളുമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. അര്‍ധരാത്രിയോടുകൂടി രണ്ട് വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് റൊമാനിയയിലേക്ക് തിരിക്കും.
അവിടെയെത്തിയ ശേഷം വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയായിരിക്കും നാട്ടിലേക്ക് തിരിക്കുക. ആദ്യ വിമാനം ഡല്‍ഹിയിലായിരിക്കും ഇറങ്ങുക.
രണ്ടാമത്തെ വിമാനത്തിന്റെ കാര്യത്തില്‍ വ്യക്തതയായിട്ടില്ല. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വിമാനത്താവളത്തിലെത്തി ആദ്യസംഘത്തെ സ്വീകരിക്കും. 1,500 പേരെ റൊമേനിയന്‍ അതിര്‍ത്തിയിലെത്തിക്കാനായിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ച കണക്ക്. ഇതിനുശേഷവും കൂടുതല്‍ പേര്‍ ഇങ്ങോട്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നാളെ ഹംഗറിയിലേക്കും വിമാനം അയക്കുന്നതായി വിവരമുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.