ആദ്യ ഐഫോണ്‍ മോഡല്‍ ലേലത്തിന്, പ്രാരംഭ വില $10000 , ലേലത്തുക റെക്കോര്‍ഡാവുമെന്ന് പ്രതീക്ഷ

സ്മാര്‍ട്‌ഫോണ്‍ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ടാണ് 2007 ല്‍ അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത്. ആ കഥകളെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. വര്‍ഷം 2024 ആയിട്ടും സ്റ്റീവ് ജോബ്‌സ് അന്ന് പുറത്തിറക്കിയ ആദ്യ ഐഫോണ്‍ മോഡലുകളോടുള്ള ആളുകളുടെ താല്‍പര്യത്തില്‍ ഒട്ടും കുറഞ്ഞിട്ടില്ല. ഇക്കാരണം കൊണ്ടുതന്നെ 2007 ല്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ഐഫോണ്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പലരും ലേലത്തില്‍ വെക്കാറുണ്ട്. വന്‍ തുകയ്ക്കാണ് പലപ്പോഴും ഇടപാടുകള്‍ നടക്കാറുള്ളത്.

ഇപ്പോഴിതാ 2024 ല്‍ ആദ്യ ഐഫോണുകളിലൊന്ന് ലേലത്തിന് വെച്ചിരിക്കുകയാണ്. 10000 ഡോളര്‍ അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്ന ഫോണിന് രണ്ട് ലക്ഷം വരെ കിട്ടിയേക്കാം എന്നാണ് കണക്കുകൂട്ടല്‍. എല്‍എസ്ജി ഓക്ഷന്‍സിലാണ് ലേലം നടക്കുന്നത്.

പഴയ ഐഫോണ്‍ എന്നതിലുപരി ആപ്പിള്‍ പരിമിതമായ എണ്ണം മാത്രം നിര്‍മിച്ച 4 ജിബി റാം വേരിയന്റാണ് ഇത്തവണ ലേലത്തില്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ നാല് ജിബി മോഡലുകളിലൊന്ന് ലേലത്തില്‍ പോയത് 190000 ഡോളറിനാണ് (1.57 ലക്ഷത്തിലേറെ രൂപ). എട്ട് ജിബി മോഡല്‍ ലേലത്തില്‍ പോയതിനേക്കാള്‍ കൂടുതല്‍ തുകയാണിത്.

യഥാര്‍ത്ഥ പാക്കേജിലുള്ള തുറന്നിട്ടില്ലാത്തതും ഉപയോഗിച്ചിട്ടില്ലാത്തതുമായ ഫോണ്‍ ആണ് ലേലത്തിനുള്ളത്. എന്തായാലും ഇത് വാങ്ങുന്നയാള്‍ ധാരാളം പണം ചിലവഴിക്കാനാവുന്ന വലിയൊരു ആപ്പിള്‍ ആരാധകനായിരിക്കും എന്നതില്‍ സംശയമില്ല.

എന്തായാലും ആപ്പിളിനോടുള്ള ആരാധന എന്നതിനപ്പുറം ഇന്ന് നമ്മളെല്ലാം ജീവിക്കുന്ന സ്മാര്‍ട്‌ഫോണ്‍ യുഗത്തിന് ആരംഭമിട്ട ചരിത്രസംഭവാണ് ആദ്യ ഐഫോണ്‍. ആ ചരിത്ര പ്രാധാന്യം തന്നെയാണ് അതിന്റെ മൂല്യവും.ആപ്പിള്‍ പുതിയ ഐഫോണ്‍ 16 അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇത്തവണ വലിയൊരു മാറ്റം ഐഫോണിന്റെ സോഫ്റ്റ് വെയര്‍ തലത്തിലും ഡിസൈന്‍ തലത്തിലും ഉണ്ടാവുമെന്നാണ് പറയപ്പെടുന്നത്. എഐ അധിഷ്ഠിത മാറ്റങ്ങളും ഉണ്ടായേക്കും.

Top