first number car licence plate price 327cror

ഫാന്‍സി നമ്പറുകളുടെ ലേലത്തിലൂടെ കേരളത്തിലും മറ്റും ലഭിക്കുന്ന വരുമാനം ലക്ഷങ്ങളില്‍ ഒതുങ്ങുമ്പോള്‍ യു എ ഇയില്‍ ‘ഒന്ന്’ എന്ന റജിസ്‌ട്രേഷന്‍ പ്ലേറ്റ് വിറ്റുപോയത് കോടികള്‍ക്ക്. 49 ലക്ഷം ഡോളര്‍ (ഏകദേശം 32.79 കോടി രൂപ) മുടക്കിയാണ് എമിറേറ്റ്‌സിലെ ബിസിനസുകാരനായ ആരിഫ് അഹമ്മദ് അല്‍ സറൂണി ഈ നമ്പര്‍ സ്വന്തമാക്കിയത്.

എല്ലായ്‌പ്പോഴും ഒന്നാമനാകുകയാണു തന്റെ ലക്ഷ്യമെന്നായിരുന്നു വാശിയേറിയ ലേലത്തിലൂടെ ഒന്നാം നമ്പര്‍ സ്വന്തമാക്കിയ സറൂണിയുടെ പ്രതികരണം. നമ്പറിനു നിശ്ചയിച്ചിരുന്ന അടിസ്ഥാന നിരക്കിന്റെ 18 ഇരട്ടിയാണു സറൂണി വാഗ്ദാനം ചെയ്തത്.

അതേസമയം, യു എ ഇയില്‍ റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ ഇതുവരെ ലഭിച്ചതിലെ റെക്കോര്‍ഡ് ഈ തുകയിലുമൊക്കെ വളരെ കൂടുതലാണ്.

2008ല്‍ യു എ ഇയിലെ ഏഴ് എമിറേറ്റുകളില്‍ ഏറ്റവും സമ്പന്നരായ അബുദാബിയില്‍ നടന്ന ലേലത്തിലാണ് ‘ഒന്ന്’ എന്ന നമ്പറിന് 1.42 കോടി ഡോളര്‍(ഇപ്പോഴത്തെ വിനിമയ നിരക്കില്‍ 95.03 കോടി രൂപ) വില ലഭിച്ചത്.

സറൂണി ‘ഒന്ന്’ എന്ന നമ്പര്‍ വാങ്ങിയത് സമ്പന്നതയില്‍ മൂന്നാം സ്ഥാനത്തുള്ള എമിറേറ്റായ ഷാര്‍ജയിലേക്കാണ്.

ജനപ്രീതിയില്‍ മുന്നിലുള്ള 60 നമ്പറുകള്‍ക്കു വേണ്ടിയായിരുന്നു ശനിയാഴ്ച ലേലം നടന്നത്. 12, 22, 50, 100, 333, 777, 1000, 2016, 2020, 99999 എന്നീ നമ്പറുകള്‍ക്കായിരുന്നു ആവശ്യക്കാരേറെ. മൊത്തം 1.36 കോടി ഡോളര്‍(ഏകദേശം 91.01 കോടി രൂപ) ആയിരുന്നു ഷാര്‍ജയിലെ ഫാന്‍സി നമ്പര്‍ ലേലത്തില്‍ നിന്നുള്ള മൊത്തം വരുമാനം.

Top