കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍, അസം നിയമ സഭ തിരഞ്ഞെടുപ്പുകളുടെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. ബംഗാളില്‍ പുരുളിയ, ബാങ്കുറ മേഖലകളിലെ 18 മണ്ഡലങ്ങളിലും അസമില്‍ അപ്പര്‍ അസം മേഖലയിലെ 65 മണ്ഡലങ്ങളിലും ആണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി മുന്നേറ്റമുണ്ടാക്കിയ മേഖലകള്‍ തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസുമായി താഴെ തട്ടില്‍ ധാരണ ഉണ്ടാക്കിയ ഇടതു പാര്‍ട്ടികള്‍.
തൃണമൂല്‍ സര്‍ക്കാരിന് കീഴിലെ ജനാധിപത്യ ധ്വംസനമടക്കമുള്ള വിഷയങ്ങളാണ് പ്രതിപക്ഷം പ്രചാരണായുധമാക്കിയത്. അസ്സമില്‍ കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിക്കാനാകുമെന്ന് കണക്കുകൂട്ടുന്ന ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി പ്രചരണ റാലികളില്‍ പങ്കെടുത്തിരുന്നു.
തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വോട്ടുകള്‍ ഏറെ നിര്‍ണായകമാകുന്ന ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പുറമേ ബജ്റുദീന്‍ അജ്മലിന്റെ എഐയുഡിഎഫും പ്രധാന ശക്തിയാണ്. മാവോയിസ്റ്റ്, വിഘടന വാദി സംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. 539 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.