ആദ്യഘട്ട മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; തീയതി മാറ്റിയേക്കും

മണിപ്പൂര്‍: ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിച്ചേക്കും. ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഫെബ്രുവരി 27 ഞായര്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മാറ്റണമെന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ രാജീവ് കുമാര്‍, അനുപ് ചന്ദ്ര പാണ്ഡെ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള ഇസിഐ സംഘം മണിപ്പൂരില്‍ എത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇംഫാലിലെത്തിയ സംഘം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ പരമോന്നത ക്രിസ്ത്യന്‍ ബോഡിയായ എഎംസിഒയുടെ പ്രതിനിധികളും പരാതിയുമായി ഇസിഐ ടീമിനെ കണ്ടിരുന്നു.

നേരത്തെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓള്‍ മണിപ്പൂര്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്റെ (എഎംസിഒ) ബാനറില്‍ ക്രിസ്ത്യന്‍ ആക്ഷന്‍ കമ്മിറ്റി (സിഎസി) ഇംഫാലില്‍ സമാധാനപരമായ പ്രതിഷേധം നടത്തിയിരുന്നു. മണിപ്പൂരിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായിയാണ് നടക്കുക. ഫെബ്രുവരി 27 (ഞായര്‍), മാര്‍ച്ച് 3 നുമാണ് തെരഞ്ഞെടുപ്പ്.

 

 

Top