വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ 15-ന് എത്തും; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: ഒക്ടോബര്‍ 15-ാം തീയതി വൈകുന്നേരം നാലുമണിക്ക് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുമെന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകശ്രദ്ധ നേടുന്ന ദിനമായി ആ ദിവസം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്കു പോലും സുഗമമായി വന്നുപോകാന്‍ സൗകര്യമുള്ള തുറമുഖമായിരിക്കും വിഴിഞ്ഞം. ദൈവത്തിന്റെ സ്വന്തംനാട് എന്ന് നാം വിശേഷിപ്പിക്കുന്ന കേരളത്തില്‍, ദൈവത്തിന്റെ അനുഗ്രഹം കനിഞ്ഞിറങ്ങിയ ഒരു കടലാണ് വിഴിഞ്ഞത്തുള്ളതെന്നും മന്ത്രി പറഞ്ഞു.

മറ്റ് തുറമുഖങ്ങളിലൊക്കെ കപ്പല്‍ വരാനുള്ള സൗകര്യം ഒരുക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഡ്രെഡ്ജിങ് നടത്തിക്കൊണ്ടാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഇവിടെ ഡ്രഡ്ജിങ് ആവശ്യമില്ല. 20 മീറ്ററില്‍ കൂടുതല്‍ ആഴം സ്വാഭാവികമായി തന്നെയുണ്ട് എന്നതുകൊണ്ട് ലോകത്തിലെ ഏത് കപ്പലിനും അനായാസം വന്നുപോകാന്‍ സഹായിക്കും. അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍നിന്ന് 10 മീറ്റര്‍ അകലത്തില്‍ കര ലഭിക്കുന്നു എന്ന പ്രത്യേകതയും വിഴിഞ്ഞത്തുണ്ട്, മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരളത്തിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നതിന് ഉള്‍പ്പെടെ വിഴിഞ്ഞം തുറമുഖം സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

Top