ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പകൽ 11.50നാണ് വിക്ഷേപണമെന്ന് ഐഎസ്ആർഒ അറിയിച്ചു. സൂര്യനെക്കുറിച്ചു പഠിക്കാനുള്ള പേടകമാണിത്. വിക്ഷേപണത്തിനുശേഷം 125 ദിവസമാണ് യാത്ര. ഭൂമിയിൽനിന്ന് 1.5 മില്യൻ കിലോമീറ്റർ അകലം വരെയെത്തി സൂര്യനെ നിരീക്ഷിക്കും.

സൂര്യനെ നിരീക്ഷിക്കുകയും ബഹിരാകാശത്ത് സൂര്യന്റെ പ്രവർത്തനം മൂലമുണ്ടാകുന്ന കാര്യങ്ങൾ പഠിക്കുകയുമാണ് പ്രധാന ലക്ഷ്യം. കൊറോണൽ മാസ് ഇജക്ഷൻ (സിഎംഇ) എന്നതിനെക്കുറിച്ചാണ് പ്രധാന പഠനം. സൂര്യന്റെ അന്തരീക്ഷത്തിന്റെ മുകൾ ഭാഗം ചൂടാകുന്നതും അതുവഴിയുണ്ടാകുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചും പഠിക്കും.

ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ സൂര്യനെക്കുറിച്ചുള്ള പഠനം ഊർജിതമാക്കുന്നത്. ചന്ദ്രയാൻ ലാൻഡ് ചെയ്ത ദിവസം തന്നെ അടുത്ത ലക്ഷ്യം സൂര്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Top