ചൈനീസ് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് മാര്‍ച്ചിലാണ് പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ വണ്‍പ്ലസ് 9 അവതരിപ്പിച്ചത്. ആറ് മാസങ്ങള്‍ക്ക് ശേഷം വണ്‍പ്ലസ് 9 ശ്രേണിയിലേക്ക് ഒരു പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ചേര്‍ക്കാനൊരുങ്ങുകയാണ് കമ്പനി. വണ്‍പ്ലസ് 8 ശ്രേണി അവതരിപ്പിച്ച് അധികം താമസമില്ലാതെ അല്പം മാറ്റങ്ങളുമായി വണ്‍പ്ലസ് 8T അവതരിപ്പിച്ചതിന് സമാനമായി T എന്ന വാല്‍ക്കഷണവുമായാണ് പുതിയ മോഡല്‍ എത്തുക.
അതേസമയം അടിസ്ഥാന വണ്‍പ്ലസ് 9 ഫോണല്ല പകരം ഇന്ത്യ സ്‌പെഷ്യല്‍ ആയി അവതരിപ്പിച്ച വണ്‍പ്ലസ് 9R മോഡലിനാണ് T പതിപ്പെത്തുക. ഈ മാസം 13നാണ് വണ്‍പ്ലസ് 9RTയുടെ ലോഞ്ച് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ അതേ സമയത്ത് തന്നെ ചൈനയിലും വണ്‍പ്ലസ് 9RTയുടെ അവതരണം നടക്കും. 2,000 യുവാനും(ഏകദേശം 23,300 രൂപ) 3,000 യുവാനും (ഏകദേശം 34,900 രൂപ) ഇടയിലാണ് വണ്‍പ്ലസ് 9RTയുടെ വില ചൈനയില്‍ പ്രതീക്ഷിക്കുന്നത്. വണ്‍പ്ലസ് 9Rന്റെ വില ഇന്ത്യയില്‍ 36,999 രൂപയില്‍ ആരംഭിക്കുന്നതുകൊണ്ട് വണ്‍പ്ലസ് 9RTയുടെ വില അതിനേക്കാള്‍ കൂടാനാണ് സാദ്ധ്യത.
വണ്‍പ്ലസ് പുറത്ത് വിട്ട ടീസറുകള്‍ അനുസരിച്ച് വണ്‍പ്ലസ് 9RTയ്ക്ക് 50 മെഗാപിക്‌സല്‍ ക്യാമറ സെന്‍സര്‍, വാര്‍പ്പ് ഫ്‌ലാഷ് ചാര്‍ജ്, 50 മെഗാപിക്സല്‍ പ്രൈമറി കാമറ എന്നിവയുണ്ടാകും. മറ്റുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആന്‍ഡ്രോയിഡ് സെന്‍ട്രല്‍ റിപ്പോര്‍ട്ട് ചെയ്യുന്നനുസരിച്ച് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള വണ്‍പ്ലസ് 9Rലെ 6.55 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്സല്‍) ഒഎല്‍ഇഡി ഡിസ്പ്ലേ തന്നെയാണ് വണ്‍പ്ലസ് 9RTയിലും ഇടം പിടിക്കുക. മാത്രമല്ല 3D കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് സംരക്ഷണവും ഈ ഡിസ്പ്ലേയ്ക്കുണ്ടാവും.
വണ്‍പ്ലസ് 9Rലെ 65W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 4,500mAh ബാറ്ററിയും പുത്തന്‍ T ഫോണില്‍ ഇടം പിടിക്കും. വണ്‍പ്ലസ് 9Rലെ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 870 SoC പ്രോസസ്സര്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് വണ്‍പ്ലസ് 9RT പതിപ്പില്‍ ഇടം പിടിക്കുക. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമായ ഓക്സിജന്‍ ഓഎസ് 12 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം.