ഏറ്റവും പ്രായംകുറഞ്ഞ നൊബേല്‍ ജേതാവ് എന്ന റെക്കോര്‍ഡിട്ട പെണ്‍കുട്ടിയാണ് പാകിസ്താന്‍കാരിയായ മലാല യൂസഫ്സായി. മലാലയുടെ ബാല്യകാല ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബോളിവുഡ് സിനിമ ‘ഗുല്‍ മക്കായ്’ ആദ്യ ടീസര്‍ പുറത്തിറങ്ങി.
11ാംവയസ്സില്‍ ഗുല്‍ മക്കായ് എന്ന അപരനാമത്തിലാണ് മലാല താലിബാന്‍ ഭരണത്തിന്‍കീഴിലെ ജീവിതത്തെക്കുറിച്ച് ബിബിസിയുടെ ഉറുദു ബ്ലോഗില്‍ എഴുതിയത്. മലാലയുടെ ജന്മദിനമായ ജൂലൈ 12നാണ് ലോകമെങ്ങും മലാല ദിനമായി ആഘോഷിക്കുന്നത്. ഈ ദിവസം തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്.
അംജദ് ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി ടെലിവിഷന്‍ ബാലതാരമായ റീമ സമീര്‍ ഘേഷ് ആണ് മലാലയായി എത്തുന്നത്. അമിതാഭ് ബച്ചന്റെ വസീറിലും റീമ അഭിനയിച്ചിട്ടുണ്ട്. മലാലയുടെ ഉമ്മയുടെ കഥാപാത്രത്തെ ബോളിവുഡ് താരം ദിവ്യ ദത്ത അവതരിപ്പിക്കുന്നു.
മുകേഷ് റിഷി, അഭിമന്യു സിംഗ്, അജാസ് ഖാന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകമെങ്ങുമുള്ള കുട്ടികള്‍ക്ക് പ്രചോദനമായ മലാലയുടെ ജീവിതത്തെ ആധാരമാക്കി ഒരുക്കുന്ന ബോളിവുഡ് സിനിമ ഗുല്‍ മക്കായ് വര്‍ഷാവസാനത്തോടെ റിലീസ് ചെയ്യും. ദേശീയ പുരസ്‌കാര ജേതാവായ മലയാളി സൗണ്ട് എന്‍ജിനിയര്‍ സനല്‍ ജോര്‍ജാണ് സിനിമയുടെ ശബ്ദസംവിധാനം നിര്‍വഹിച്ചത്.
ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ ആദ്യദിനത്തെ കളക്ഷന്‍ പൂര്‍ണമായി വിദ്യാഭ്യാസ പ്രചാരണത്തിനായുള്ള മലാല ഫണ്ടിലേക്ക് കൈമാറുമെന്ന് സംവിധായകന്‍ അംജദ്ഖാന്‍ അറിയിച്ചിരുന്നു. സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ ഗുജറാത്തിലെ ഭുജിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 1200 അഭിനേതാക്കള്‍ ഉള്‍പ്പെട്ട രംഗങ്ങള്‍ 16 ക്യാമറകളിലായാണ് സംവിധായകന്‍ പകര്‍ത്തിയത്. സിനിമയുടെ അവസാനഭാഗങ്ങള്‍ കശ്മീരിലാണ് ചിത്രീകരിക്കുന്നത്. മൂന്നുവര്‍ഷത്തിലേറെയായി ചിത്രീകരണത്തിലുള്ള സിനിമ വിവിധ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.