കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന്

കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന്. പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ നിന്ന് വൈകുന്നേരം 7.10-നാകും ആസ്താ സ്പെഷ്യൽ ട്രെയിനിന്റെ സർവീസ് ആരംഭിക്കുക. മൂന്നാം ദിനം പുലർച്ചെ മൂന്നിന് അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനിൽ എത്തും.  അന്ന് വൈകുന്നേരം തന്നെ മടക്കയാത്രയും ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്.

ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് സർവീസുകൾ ഉണ്ട്. തിരുനെല്‍വേലിയില്‍ നിന്ന് ഫെബ്രുവരി ഒന്നിന് അയോദ്ധ്യയിലേക്ക് പുറപ്പെടുന്ന ട്രെയിന് കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗണ്‍, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ആദ്യ സർവീസുകളിലെ തിരക്ക് പരിശോധിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്.

1,500 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന 22 സ്ലീപ്പർ കോച്ചുകളാണുണ്ടാവുക. കോയമ്പത്തൂർ, നാ​ഗർകോവിൽ, തിരുവനന്തപുരം വഴിയും കൂടുതൽ ട്രെയിൻ സർവീസുകൾ അയോദ്ധ്യയിലേക്ക് സർവീസ് നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ആദ്യഘട്ടത്തിൽ ഐആർസിടിസിയുടെ ടൂറിസം ബുക്കിം​ഗ് വെബ്സൈറ്റിലൂടെ സംഘമായാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക. സ്റ്റേഷനിൽ നിന്നോ ഐആർസിടിസി ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങൾ ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളിലെ ഉന്നത റെയിൽവേ -സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് മുൻകൂട്ടി ലഭ്യമാകും.

Top