കൊച്ചി: മരടിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി. തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റുകളില്‍ രണ്ടെണ്ണമായ ഹോളിഫെയ്ത്തും ആല്‍ഫ സെറിനുമാണ് വിജയകരമായി പൊളിച്ചു നീക്കിയത്.
11.19നായിരുന്നു ഹോളിഫെയ്ത്ത് നിലംപൊത്തിയത്. രാവിലെ 10.32നാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഹോളിഫെയ്ത്ത് എച്ച്ടുഒ തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങിയത്. ഇതിന് മുന്‍പായി ഇരുഫ്‌ളാറ്റുകള്‍ക്കും ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പേരേയും ഒഴിപ്പിച്ചിരുന്നു.
എന്നാല്‍ 10.32 ന് മുഴങ്ങേണ്ട രണ്ടാം സൈറണ്‍ 11.11 നാണ് മുഴങ്ങിയത്. ആകാശനിരീക്ഷണത്തിനായി മരടിലേക്ക് എത്തിയ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്ടര്‍ തിരിച്ചു പോകാന്‍ വൈകിയതിനാല്‍ സ്‌ഫോടനവും വൈകിയത്. പതിനൊന്നേപത്തോടെ ഹെലികോപ്ടര്‍ മടങ്ങുകയും രണ്ടാം സൈറണ്‍ 11.11 മുഴങ്ങുകയും ചെയ്തു.
11.18ഓടെ മൂന്നാമത്തെ സൈറണ്‍ മുഴങ്ങുകയും 11.19-ഓടെ എച്ച്.ടു.ഒ ഫ്‌ളാറ്റില്‍ ചെറുസ്‌ഫോടനങ്ങളുടെ നീണ്ടനിര തന്നെ ഉണ്ടാവുകയും ചെയ്തു. സെക്കന്‍ഡുകള്‍ കൊണ്ട് കെട്ടിട്ടം ഒന്നാകെ നിലം പതിക്കുകയും പിന്നാലെ പ്രദേശമാകെ പൊടിയില്‍ മൂടുകയുമായിരുന്നു.
ശേഷം മിനിട്ടുകള്‍ക്കുള്ളില്‍ ഇരട്ട കെട്ടിടങ്ങളും പൊടിയായി. 11.43 ഓടെയാണ് ആല്‍ഫ സെറീന്‍ നിലംപൊത്തിയത്.
6 വീതം നിലകളുള്ള ഇരട്ട ടവറാണ് ഹോളിഫെയ്ത്തിന് പിന്നാലെ നിലം പതിച്ചത്. 11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറം മുഴങ്ങി. 343 കിലോ സ്ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്.
ഇനവാസ കേന്ദ്രത്തോട് ചേര്‍ന്നായിരുന്നു ആല്‍ഫാ സെറിന്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. അതിനാല്‍ തന്നെ ഏറെ ആശങ്കകള്‍ നിലനിന്നിരുന്നു.
എച്ച്ടുഒ ഫ്‌ളാറ്റ് തകര്‍ത്തപ്പോള്‍ അധികം കെട്ടിടാവശിഷ്ടങ്ങളൊന്നും പരിസരത്തേക്ക് തെറിച്ചു പോയില്ല. എന്നാല്‍ ജനസാന്ദ്രതയേറിയ ആല്‍ഫ സരിനില്‍ സ്‌ഫോടനം നടത്തിയപ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ പലതും കായലില്‍ പതിച്ചതായി സംശയിക്കുന്നുണ്ട്. ശക്തമായ ഓളങ്ങളാണ് സ്‌ഫോടനത്തിന് പിന്നാലെ ഈ ഭാഗത്ത് കായലില്‍ ഉണ്ടായത്.
ഫാളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി കനത്ത സുരക്ഷയാണ് മരടിലാകമാനം ഒരുക്കിയിരുന്നത്. എട്ടുമണിയോടെ പ്രദേശ വാസികളെ ഒഴിപ്പിച്ചു. നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു.