പ്രഥമ വനിതാ ഐപിഎല്‍ ലേല വിവരങ്ങള്‍ പുറത്ത്

മുംബൈ: പുരുഷ ഐപിഎല്‍ മിനി താരലേലത്തിന്റെ ആവേശത്തിന് പിന്നാലെ വനിതാ ഐപിഎല്‍ താരലേലവും വരുന്നു. വനിതാ ഐപിഎല്ലിന്റെ ആദ്യ എഡിഷനുള്ള താരലേലം ഫെബ്രുവരിയില്‍ നടക്കും. ലേലത്തിനായി താരങ്ങള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ജനുവരി 26 ആണ്. ക്യാപ്‌ഡ്, അണ്‍ക്യാപ്‌ഡ് താരങ്ങള്‍ക്ക് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.

ക്യാപ്‌ഡ് താരങ്ങളില്‍ 50 ലക്ഷം രൂപ, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ അടിസ്ഥാന വിലയിലാണ് ലേലംവിളി തുടങ്ങുക. അണ്‍ ക്യാപ്‌ഡ് താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. വനിതാ ഐപിഎല്ലിനായുള്ള മീഡിയ അവകാശം സ്വന്തമാക്കാനുള്ള ലേലം ഇതിനകം നാല് ദിവസം ബിസിസിഐ വൈകിപ്പിച്ചിട്ടുണ്ട്. ജനുവരി 16ന് ഇതോടെ ഈ ലേലം നടക്കും. മാര്‍ച്ച് ആദ്യവാരമാകും വനിതാ ഐപിഎല്‍ ആരംഭിക്കുക. അഞ്ച് ടീമുകളാണ് വനിതാ ഐപിഎല്ലിന്റെ ആദ്യ സീസണിലുണ്ടാവുക. നീണ്ട കാത്തിരിപ്പിനൊടുവില്‍ വനിതാ ഐപിഎല്ലിന് ബിസിസിഐ വാർഷിക പൊതുയോഗം കഴിഞ്ഞ ഒക്‌ടോബറിലാണ് അംഗീകാരം നല്‍കിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഇരുപത് മത്സരങ്ങൾ നടക്കും. പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന ടീം നേരിട്ട് ഫൈനലിൽ കടക്കും. രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർ എലിമിനേറ്ററിൽ ഏറ്റുമുട്ടും. ജയിക്കുന്നവർ ഫൈനലിലെത്തും എന്ന രീതിയിലായിരിക്കും മത്സരക്രമം. വനിതാ ഐപിഎല്‍ ആരംഭിക്കണമെന്ന ആവശ്യം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സജീവമായിരുന്നു. ആറ് വിദേശ താരങ്ങൾ ഉൾപ്പടെ ഓരോ ടീമിനും പതിനെട്ട് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. അഞ്ച് വിദേശ താരങ്ങളെയാണ് ഒരു മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്താനാവുക.

Top