കൊച്ചി: വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ തീരങ്ങളില്‍ മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാകാന്‍ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐ. എല്‍നിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണ് സിഎംഎഫ്ആര്‍ഐയുടെ നിരീക്ഷണം. മത്തിയുടെ ലഭ്യതയില്‍ കുറവ് വരുന്നതോടെ വിലയും ഇരട്ടിയലധികം വര്‍ധിച്ചേക്കുമെന്നാണ് സൂചന.
മുന്‍ വര്‍ഷങ്ങളില്‍ വന്‍തോതില്‍ കുറഞ്ഞ ശേഷം 2017ലാണ് മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനയുണ്ടായത്. എങ്കിലും അവയുടെ സമ്പത്ത് പൂര്‍വസ്ഥിതിയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത എല്‍നിനോ ശക്തി പ്രാപിക്കാന്‍ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാന്‍ കാരണമാകുന്നത്.
മത്തിയുടെ ഉല്‍പാദനത്തിലെ കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നാണ് എല്‍നിനോയാണ് കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന നിഗമനത്തില്‍ സിഎംഎഫ്ആര്‍ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം എത്തിയത്.
2012ല്‍ കേരളത്തില്‍ റെക്കോര്‍ഡ് അളവില്‍ മത്തി ലഭിച്ചിരുന്നു. എന്നാല്‍, എല്‍ നിനോയുടെ വരവോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. 2015ല്‍ എല്‍നിനോ തീവ്രതയിലെത്തിയതിനെ തുടര്‍ന്ന് 2016ല്‍ മത്തിയുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞു. പിന്നീട,് എല്‍നിനോയുടെ ശക്തി കുറഞ്ഞതോടെ 2017ല്‍ മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായി. 2018ല്‍ എല്‍നിനോ സജീവമായതോടെ മത്തിയുടെ ഉല്‍പാദനത്തില്‍ വീണ്ടും മാന്ദ്യം അനുഭവപ്പെടാന്‍ കാരണമായി.
വരും നാളുകളില്‍ എല്‍നിനോ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസഫറിക് അഡ്മിനിസ്ട്രേഷന്‍ ഡിസംബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2018ല്‍ എല്‍നിനോ തുടങ്ങിയെന്നും 2019ല്‍ താപനിലയില്‍ കൂടുതല്‍ വര്‍ധനവുണ്ടാകുമെന്നും ലോക കാലാവസ്ഥാ സംഘനയും ദേശീയ കാലാവസ്ഥാ വകുപ്പും (ഐഎംഡി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിദഗ്ധര്‍ പറയുന്നു…..
2015-16 വര്‍ഷങ്ങളില്‍ എല്‍നിനോ തീവ്രതയിലെത്തിയതിനെ തുടര്‍ന്ന് കേരള തീരങ്ങളിലെ മത്തിയില്‍ വളര്‍ച്ചാ മുരടിപ്പും പ്രജനന പരാജയവും സംഭവിച്ചിരുന്നുവെന്ന് ഈ മേഖലയില്‍ പഠനം നടത്തുന്ന സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു. ഇതില്‍ നിന്നും മുക്തി നേടി മത്തിയുടെ സമ്പത്ത് കടലില്‍ പൂര്‍ണ സ്ഥിതിയിലെത്തുന്നതിന് മുമ്പ് അടുത്ത എല്‍നിനോ ആരംഭിച്ചതാണ് ഇപ്പോള്‍ ആശങ്കയുളവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍ വരെ മത്തിയെ ബാധിക്കും. ഇന്ത്യന്‍ തീരങ്ങളില്‍, എല്‍നിനോയുടെ പ്രതിഫലനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കേരള തീരത്താണ്. അത് കൊണ്ട് തന്നെ, മത്തിയുടെ ഉല്‍പാദനത്തില്‍ ഏറ്റവും കൂടുതല്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നതും ഇവിടെയാണ്. എല്‍നിനോ പ്രതിഭാസം ഈ തീരങ്ങളിലെ മത്തിയുടെ വളര്‍ച്ചയെയും പ്രത്യുല്‍പാദന പ്രക്രിയയെും സാരമായി ബാധിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല, എല്‍നിനോ കാലത്ത് കേരള തീരങ്ങളില്‍ നിന്നും മത്തി ചെറിയ തോതില്‍ മറ്റ് തീരങ്ങളിലേക്ക് പാലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍നിനോ പ്രതിഭാസം എന്നാല്‍….
സമുദ്രജലം ചൂട്പിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. മൂന്നുമുതല്‍ ഏഴ് വരെ വര്‍ഷം നീളുന്ന ഇടവേളകളിലാണ് ശാന്തസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്ത് എല്‍നിനോ സതേണ്‍ ഓസിലേഷന്‍ രൂപപ്പെടുക. ഇതിന്റെ പ്രതിഫലനമാണ് ഏറിയും കുറഞ്ഞും ലോകമെമ്പാടും അനുഭവപ്പെടാറുള്ളത്.