കോഴിക്കോട്: കോഴിക്കോട് വടകരയില്‍ നിന്ന് 6000 കിലോ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പിടിച്ചെടുത്തു.
തമിഴ്‌നാട് നാഗപട്ടണത്തു നിന്ന് കൊണ്ടുവന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയിരിക്കുന്നത്. ഈ വിഷമത്സ്യം കോഴിക്കോട് മാര്‍ക്കറ്റില്‍ നിന്ന് കണ്ണൂരേക്ക് കൊണ്ടുപോയെങ്കിലും പഴകിയ മത്സ്യമായതു കൊണ്ട് സ്വീകരിക്കാതെ കോഴിക്കോട്ടേക്കു തന്നെ തിരിച്ചുകൊണ്ടു പോന്നു. എന്നാല്‍ തിരിച്ചു കൊണ്ടു പോരുന്നതിനിടെ വടകര കോട്ടക്കടവിലെ വളവില്‍ വെച്ച് വാഹനം തകരാറിലാവുകയും വാഹനത്തില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വരികയും ചെയ്തു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്.
തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തുകയും പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ മത്സ്യത്തില്‍ ചേര്‍ത്തിട്ടുള്ള മറ്റു രാസവസ്തുക്കള്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.