മീന്‍ വിറ്റ് ലക്ഷാധിപതികളായി മുക്കുവ സഹോദരങ്ങള്‍

മുംബൈ: ലോട്ടറിയടിച്ചും മറ്റും ലക്ഷാധിപതികളായവരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു മത്സ്യം വിറ്റ് ലക്ഷാധിപതികളായ സഹോദരന്‍മാരെ നോക്കാം. മുംബൈയിലെ പാല്‍ഘര്‍ തീരത്തെ മത്സ്യബന്ധനത്തൊഴിലാളികളായ മഹേഷ്-ഭരത് സഹോദരങ്ങളുടെ വലയില്‍ ഞായറാഴ്ച കുരുങ്ങിയത് അപൂര്‍വ്വയിമനം മീനുകളിലൊന്നാണ്.

30 കിലോ വരുന്ന ഘോല്‍ മത്സ്യത്തെ പിടിച്ച് വിറ്റ് ഒറ്റരാത്രി കൊണ്ട് ലക്ഷധിപതികളായി മാറിയിരിക്കുകയാണ് മഹേഷ് ,ഭരത് എന്നീ സഹോദരന്മാര്‍. ഔഷധ മൂല്യമുള്ള ഘോല്‍ മത്സ്യം വളരെ അപൂര്‍വമായേ വലയില്‍ ലഭിക്കാറുള്ളു. മീനുമായി തിരിച്ചെത്തിയപ്പോള്‍ ഇവരെ ലക്ഷങ്ങളുമായാണ് വ്യാപാരികള്‍ കാത്തുനിന്നത്. ലേലത്തില്‍ അഞ്ചര ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്.

1000 രൂപ മുതലാണ് കിലോയ്ക്ക് ഘോല്‍ മത്സ്യത്തിന്റെ വില. സിംഗപ്പൂര്‍, മലേഷ്യ, ഇന്തൊനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിരവധി ആവശ്യക്കാര്‍ ഉള്ളതിനാല്‍ തന്നെ കയറ്റുമതിക്കാണ് ഘോല്‍ മത്സ്യം കൂടുതലായി ഉപയോഗിക്കുന്നത്. കൊളാജെന്‍ എന്ന അതിവിശിഷ്ടമായ മാംസ്യം വളരെ കൂടുതല്‍ അളവില്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

സ്വര്‍ണ ഹൃദയമുള്ള മത്സ്യം എന്നാണ് ഘോല്‍ മത്സ്യം അറിയപ്പെടുന്നത്. ഈ വിശിഷ്ട മത്സ്യത്തിന്റെ ചര്‍മ്മത്തിലുള്ള ഉന്നതഗുണമുള്ള കൊളാജന്‍ പോഷകാഹാരം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും കാണപ്പെടുന്ന ഇനം മീനാണ് ഘോല്‍. ആഗോള തലത്തില്‍ തന്നെ ഈ മത്സ്യത്തിന് ആവശ്യക്കാരേറെയാണ്.

ഇരുപത് കൊല്ലമായി മത്സ്യബന്ധനം നടത്തുന്ന മഹേഷിനും ഭരതിനും ലോട്ടറിയടിച്ച ആഹ്‌ളാദമാണ് ഇപ്പോള്‍. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ബോട്ടിന്റേയും വലയുടേയും അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും ഈ പണം ഉപയോഗിക്കുമെന്ന് അവര്‍ പറഞ്ഞു.

Top