ഊത്ത പിടിത്തത്തിന് എതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്. മഴക്കാലത്ത് പ്രജനനത്തിനായി സഞ്ചരിക്കുന്ന മത്സ്യങ്ങളുടെ സഞ്ചാരപാതയില്‍ കൂടുകളും വലകളും സ്ഥാപിച്ചുള്ള ഊത്ത പിടിത്തത്തിന് എതിരെ നടപടികളുടെ ഭാഗമായി കൊല്ലം ജില്ലയിലെ കിഴക്കേ കല്ലട മേഖലയില്‍ നിന്ന് കൂടുകളും വലകളും ഫിഷറീസ് വകുപ്പ് പിടികൂടി. തനത് മത്സ്യ ഇനങ്ങളുടെ നാശത്തിന് ഊത്ത പിടിത്തം കാരണമാകുന്നതിനാലാണ് നടപടി.
കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ മത്സ്യങ്ങള്‍ പുഴകളില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന പ്രതിഭാസമാണ് ഊത്ത എന്നറിയപ്പെടുന്നത്. പ്രജനനത്തിനായി കൂട്ടത്തോടെ ഒഴുക്കിനെതിരേ പുതുവെള്ളത്തിലേക്ക് നീന്തിവരുന്ന മത്സ്യങ്ങളാണിവ. മത്സ്യം കൂട്ടത്തോടെ വരുന്നതിനാല്‍ ഊത്തയേറ്റത്തിന്റെ സമയത്ത് മീന്‍ പിടിക്കല്‍ എളുപ്പമാണ്. ഇവയെ പിടികൂടി ഭക്ഷ്യയോഗ്യമായവയെ ഉപയോഗിക്കുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്ന ഊത്തപിടുത്തത്തിലൂടെ മത്സ്യവംശം ഇല്ലാതാകും.
പരല്‍, വരാല്‍, കൂരി, കുറുവ, ആരല്‍, മുഷി, പല്ലന്‍ കുറുവ, മഞ്ഞക്കൂരി, കോലന്‍, പള്ളത്തി, മനഞ്ഞില്‍ എന്നിവയാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്. ഊത്തപിടുത്തത്തിലൂടെ ഇവയുടെ കൂട്ടക്കൊലയും വംശനാശവുമാണ് സംഭവിക്കുക. ശുദ്ധജലമത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിട്ടതോടെയാണ് ഈ സമയത്തെ മീന്‍പിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനം ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ പിഴയും ആറു മാസം തടവുമാണ് ശിക്ഷ.