മത്സ്യബന്ധന അഴിമതി; ധാരണാപത്രം റദ്ദാക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധന അഴിമതി ആരോപണത്തില്‍ നിര്‍ണായകമായ രണ്ട് രേഖകള്‍ കൂടി പുറത്തു വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി ഒപ്പുവച്ച ധാരണാ പത്രവും 4 ഏക്കര്‍ സ്ഥലം അനുവദിച്ച് നല്‍കിയതിന്റെ രേഖയുമാണ് പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ പലതും മൂടി വയ്ക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. 3 വര്‍ഷത്തെ ചര്‍ച്ചക്ക് ശേഷമാണ് കരാറില്‍ ഒപ്പ് വച്ചത്. കമ്പനി അധികൃതര്‍ മുഖ്യമന്ത്രിയെ അടക്കം കണ്ടു. സര്‍ക്കാരിന് ദുരുദ്ദേശമില്ലെങ്കില്‍ ധാരണാ പത്രം റദ്ദാക്കുമോയെന്നും ചെന്നിത്തല വെല്ലുവിളിച്ചു. ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. പ്രശാന്ത് എന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. പ്രശാന്തിന് ഉത്തരവാദിത്വമുണ്ടെങ്കില്‍ അദ്ദേഹം അനുഭവിക്കും. ഞാന്‍ പ്രശാന്തുമായോ ഇഎംസിസി പ്രതിനിധികളുമായോ സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ആരോപണങ്ങളോട് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് പരസ്പര വിരുദ്ധ മറുപടികളാണ്, ഇത് ദുരൂഹമാണ്. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ല. ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചോടുകയാണ്. അമേരിക്കയില്‍ വച്ച് മന്ത്രി മേഴ്‌സിക്കുട്ടി ഇഎംസി സിയുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ആദ്യം ആരെയും കണ്ടില്ലെന്ന് പറഞ്ഞ മന്ത്രിക്ക് താന്‍ ഫോട്ടോ പുറത്ത് വിട്ടതോടെ സമ്മതിക്കേണ്ടി വന്നു. ന്യൂയോര്‍ക്കിലും കേരളത്തിലും വച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. പദ്ധതി നടക്കില്ലെങ്കില്‍ എന്തിന് പള്ളിപ്പുറത്ത് 4 ഏക്കര്‍ സ്ഥലം അനുവദിച്ചുവെന്ന് വ്യക്തമാക്കണം. കള്ളം കയ്യോടെ പിടിച്ചപ്പോള്‍ ജയരാജന് സമനില തെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.

Top